വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഒക്ടോബർ 29-ന് വത്തിക്കാനിൽവെച്ച് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. കോവിഡ്, കാലാവസ്ഥാ പ്രശ്നങ്ങൾ, ദാരിദ്ര്യം എന്നീ വിഷയങ്ങളിൽ ചർച്ച നടത്തും. ഇരുവരും തമ്മിൽ നടക്കുന്ന നാലാമത്തെ കൂടിക്കാഴ്ചയാണിത്. ശേഷം റോമിൽ നടക്കുന്ന ജി-20 രാജ്യങ്ങളിലെ നേതാക്കളുടെ രണ്ടുദിവസത്തെ യോഗത്തിൽ ബൈഡൻ പങ്കെടുക്കും. പിന്നീട് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാസമ്മേളനത്തിൽ പങ്കെടുക്കാൻ സ്കോട്ട്‌‍‌ലൻഡിലെ ഗ്ലാസ്ഗോയിലേക്ക് തിരിക്കും.

തയ്‌വാനിൽ കെട്ടിടത്തിൽ തീപ്പിടിത്തം: 46 മരണം

തായ്‌പേയ്: തയ്‌വാനിലെ കവുഷോങ് നഗരത്തിൽ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ 46 പേർ മരിച്ചു. 41 പേർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെയാണ് 13-നില കെട്ടിടത്തിന് തീപിടിച്ചത്. മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാപ്രവർത്തകർ തീ നിയന്ത്രണവിധേയമാക്കി.

തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിന് 40 വർഷത്തെ പഴക്കമുണ്ട്. താഴത്തെ നിലകളിൽ കടകളും മുകളിൽ അപ്പാർട്ട്മെന്റുകളുമാണുണ്ടായിരുന്നത്. കെട്ടിടം ഏതാണ്ട് പൂർണമായും നശിച്ചിട്ടുണ്ട്.