യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭ (യു.എൻ.) മനുഷ്യാവകാശ സമിതിയിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2022-24 കാലയളവിൽ ഇന്ത്യ സമിതിയിൽ അംഗമാകും. ഇന്ത്യയുടെ നിലവിലെ അംഗത്വം 2021 ഡിസംബറിൽ അവസാനിക്കും. സമിതിയിലേക്ക് 18 രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നതിനായി യു.എൻ. പൊതുസഭയിൽ വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. 193 അംഗ സഭയിൽ 184 വോട്ടുകൾ ഇന്ത്യക്ക്‌ ലഭിച്ചു. ഭൂരിപക്ഷത്തിന് 97 വോട്ടുകൾ മാത്രമാണ് വേണ്ടിയിരുന്നത്. രഹസ്യബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.

ജനാധിപത്യത്തിലും ബഹുസ്വരതയിലും മൗലികാവകാശങ്ങളിലും രാജ്യത്തിനുള്ള ശക്തമായ അടിത്തറയ്ക്കുള്ള അംഗീകാരമാണ് വിജയം സൂചിപ്പിക്കുന്നതെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞു. ഇതു ആറാമത്തെ തവണയാണ് ഇന്ത്യ സമിതിയിലെത്തുന്നത്. കസാഖ്സ്താൻ, മലേഷ്യ, ഖത്തർ, യു.എ.ഇ. രാജ്യങ്ങളും ഏഷ്യ പെസഫിക് മേഖലയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ സമിതിയുടെ കാലാവധി 2022 ജനുവരിയിൽ ആരംഭിക്കും.