ബയ്റുത്ത്: ലെബനനിലെ ബയ്റുത്തിൽ കഴിഞ്ഞ വർഷമുണ്ടായ സ്പോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകുന്ന ജഡ്ജിക്കെതിരേ നടന്ന പ്രതിഷേധത്തിനിടെ വെടിവെപ്പ്. ആറുപേർ മരിച്ചു. 30-ഓളം പേർക്ക് പരിക്കേറ്റു.

സംഭവം അന്വേഷിക്കുന്ന ജഡ്ജി താരെക് ബിതാറിനെതിരേ ഇറാൻ പിന്തുണയുള്ള രാഷ്ട്രീയപ്പാർട്ടി ഹിസ്ബുള്ളയും സഖ്യകക്ഷിയായ അമാൽ പ്രസ്ഥാനവുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം ആരംഭിച്ചതിനുപിന്നാലെ സമീപത്തെ കെട്ടിടങ്ങളിൽനിന്ന്‌ വെടിവെപ്പുണ്ടാകുകയായിരുന്നു. ഏറ്റുമുട്ടൽ മണിക്കൂറോളം നീണ്ടുനിന്നു.

താരെക് അന്വേഷണത്തെ രാഷ്ട്രീയവത്കരിക്കുന്നതായി ഹിസ്ബുള്ള നേതാക്കൾ ആരോപിച്ചു.

2020 ഓഗസ്റ്റ് നാലിന് ബെയ്റുത്ത് തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ 215 പേർ കൊല്ലപ്പെട്ടിരുന്നു. 6500-ലേറെ പേർക്ക് പരിക്കേൽക്കുകയും മൂന്നുലക്ഷത്തോളം പേർക്ക് വീട് നഷ്ടപ്പെടുകയുംചെയ്തു.