അബുജ: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പടിഞ്ഞാറൻ ആഫ്രിക്കൻ പ്രവിശ്യയുടെ (ഐ.എസ്.ഡബ്ല്യു.എ.പി.) തലവൻ അബു മുസബ് അൽ ബർണാവിയെ നൈജീരിയൻ സൈന്യം വധിച്ചു. ജനറൽ ലക്കി ഇറാബറാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബർണാവിയുടെ മരണത്തെക്കുറിച്ച് ഐ.എസ്. പ്രതികരിച്ചിട്ടില്ല.

ബോക്കോഹറാം സ്ഥാപകൻ മുഹമ്മദ് യൂസഫിൻറെ മൂത്തമകനാണ് ബർണാവി. 2009-ൽ പിതാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനുപിന്നാലെ ബോക്കോഹറാമിന്റെ വക്താവായിരുന്ന ബർണാവി, അബൂബക്കർ ശെഖാവ് അടക്കമുള്ള മുതിർന്ന നേതാക്കളുമായി തെറ്റി സംഘടന വിടുകയായിരുന്നു. 2013-ൽ അൽഖായിദ പിന്തുണയുള്ള അൻസാരു ഭീകരസംഘടനയിൽ അംഗമായി. 2015-ൽ സംഘടനയെ ബർണാവി ഐ.എസിനൊപ്പം ചേർത്തു. ഈവർഷം ആദ്യം അബൂബക്കർ ശെഖാവിനെ ഐ.എസ്.ഡബ്ല്യു.എ.പി. കൊലപ്പെടുത്തിയിരുന്നു.

ബർണാവിയുടെ നേതൃത്വത്തിൽ വടക്കൻ നൈജീരിയയിലെ പ്രദേശങ്ങൾ ഐ.എസ്. പിടിച്ചെടുത്തിരുന്നു. കൂടാതെ, ബർക്കിനാഫാസോ, കാമറൂൺ, ചാഡ്, നൈജർ, മലി രാജ്യങ്ങളിലും ഭീകരസംഘടനാ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.