റിയാദ്: കോവിഡ് മാനദണ്ഡങ്ങളിൽ വൻമാറ്റം വരുത്തി സൗദി അറേബ്യ. ഞായറാഴ്ച മുതൽ സൗദിയിലെ പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ വേണ്ട. അടച്ചിട്ട സ്ഥലങ്ങളിൽ നിർബന്ധമായും മുഖാവരണം ധരിച്ചിരിക്കണമെന്ന് അധികൃതർ അറിയിച്ചു.

മക്ക ഹറമിലും മദീന മസ്ജിദുന്നബവിയിലും മുഴുവൻ ശേഷിയിലും വിശ്വാസികളെ പ്രവേശിപ്പിക്കും. ഇരു ഹറമുകളിലുമുള്ള ജീവനക്കാരും സന്ദർശകരും നിർബന്ധമായും മുഖാവരണം ധരിച്ചിരിക്കണം.

ഭക്ഷണശാലകൾ, പൊതുഗതാഗത സംവിധാനങ്ങൾ, സിനിമാഹാളുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം നിർബന്ധമില്ല. വിവാഹച്ചടങ്ങുകൾ ഉൾപ്പെടെയുള്ള സാമൂഹിക ഒത്തുചേരലുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ ഇനിമുതൽ പരിധിയില്ല. നേരത്തേ സാമൂഹിക ഒത്തുചേരലുകളിൽ പങ്കെടുക്കുന്നത് നിശ്ചിത ആളുകൾ മാത്രമായിരിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. രണ്ടുഡോസ് കോവിഡ് പ്രതിരോധ വാക്സിനെടുത്ത എത്രപേർക്കും സാമൂഹിക ഒത്തുചേരലുകളിൽ പങ്കെടുക്കാൻ അനുമതി ഉണ്ടായിരിക്കും. അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ തവക്കൽന ആപ്പ് ഡൗൺലോഡ് ചെയ്യുകയും പരിശോധനാ സമയങ്ങളിൽ പ്രദർശിപ്പിക്കുകയും വേണം.