ടോക്യോ: കോവിഡ്‌വ്യാപനം ലോകമെമ്പാടും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്സ് നടത്തുന്നത് ‘ആത്മഹത്യാപരമായ ദൗത്യം’ ആയിരിക്കുമെന്ന് ജപ്പാനിലെ ഇ-കൊമേഴ്സ് കമ്പനിയായ രാകുതന്റെ സി.ഇ.ഒ. ഹിരോഷി മിക്കിതാനി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നത് അപകടമാണ്. അതിനാൽ ഈവർഷം ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനെ ഞാൻ എതിർക്കുന്നു -മിക്കിതാനി പറഞ്ഞു. ജപ്പാനിൽ കോവിഡിന്റെ നാലാം തരംഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒളിമ്പിക്സ് നടത്തരുതെന്ന് പല ഭാഗത്തുനിന്നും ആവശ്യമുയരുന്നുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഒളിമ്പിക്സ് ജൂലായ് 23-ന് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതുമാറ്റാനാവശ്യപ്പെട്ട് 3,51,000 പേർ ഒപ്പിട്ട അപേക്ഷ ഗവർണർക്ക് സമർപ്പിച്ചിട്ടുമുണ്ട്.