മസ്കറ്റ്: കോവിഡ് പശ്ചാത്തലത്തിൽ ഒമാനിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല സഞ്ചാരവിലക്ക് നീക്കി. ശനിയാഴ്ചമുതൽ രാത്രി സഞ്ചാരവിലക്കുണ്ടാവില്ലെന്ന് ഒമാൻ സുപ്രീംകമ്മിറ്റി അറിയിച്ചു. അതേസമയം, രാത്രി എട്ടുമുതൽ പിറ്റേദിവസം പുലർച്ചെ നാലുവരെ വ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്ക് പ്രവേശനമില്ല. എന്നാൽ ഹോം ഡെലിവറി, ടേക്ക് എവേ എന്നിവയ്ക്ക് ഇളവുണ്ട്. വ്യാപാരസ്ഥാപനങ്ങളിൽ 50 ശതമാനം ഉപഭോക്താക്കൾക്കുമാത്രമേ പ്രവേശനമുണ്ടാവൂ.

സർക്കാർ ഓഫീസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കണമെന്നും ഉത്തരവുണ്ട്. ബാക്കിയുള്ള ജീവനക്കാർ വർക്ക് ഫ്രെം ഹോം സംവിധാനത്തിൽ ജോലിചെയ്യണം.

ഒമാനിൽ നിർത്തിവെച്ചിരുന്ന ബസ് സർവീസുകൾ ഞായറാഴ്ചമുതൽ പുനരാരംഭിക്കും. എല്ലാ റൂട്ടുകളിലും സർവീസ് പുനരാരംഭിക്കുന്നതായി മുവാസലാത്ത് അറിയിച്ചു. മസ്കറ്റ്, സലാല എന്നിവിടങ്ങളിലെ സിറ്റി സർവീസുകളും ഇന്റർസിറ്റി സർവീസുകളും ഒരാഴ്ചയായി നിർത്തിവെച്ചിരിക്കുകയായിരുന്നു.