ഗാസാ സിറ്റി: ശനിയാഴ്ച രാവിലെ ഗാസാ നഗരത്തിലെ അഭയാർഥിക്യാന്പിനുനേർക്ക് ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ എട്ടുകുട്ടികളടക്കം പത്തു പലസ്തീനികൾ കൊല്ലപ്പെട്ടു. സംഘർഷം തുടങ്ങി ആറുദിവസം പിന്നിടുമ്പോൾ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 140 ആയി. ഇതിൽ 39 കുട്ടികളും പെടും. 950-ഓളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച റാമത്ത് ഗാനിൽ മരിച്ച ഒരാളടക്കം ഒമ്പത് ഇസ്രയേലികൾക്കും ജീവൻ നഷ്ടമായി. പതിനായിരത്തോളം പലസ്തീനികൾ ജീവഭയത്തിൽ വീടുവിട്ടോടിപ്പോയി.

ഗാസയുടെ ഹൃദയഭാഗത്ത് അസോസിയേറ്റഡ് പ്രസ്, അൽജസീറ എന്നിവയടക്കമുള്ള മാധ്യമങ്ങളുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന അൽ ജോഹ്റ, ഷൊറൗഖ് കെട്ടിടസമുച്ചയങ്ങൾ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നു.

തിങ്കളാഴ്ച ജറുസലേമിലെ അൽ അഖ്സ പരിസരത്താരംഭിച്ച സംഘർഷം വെസ്റ്റ്ബാങ്ക് അടക്കം മറ്റു അതിർത്തിമേഖലകളിലേക്കും പടരുകയാണ്. വെള്ളിയാഴ്ച ഇസ്രയേൽ സൈന്യം 11 പേരെ വെടിവെച്ചുകൊന്ന വെസ്റ്റ് ബാങ്കിൽ പലസ്തീനികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. കിഴക്കൻ ജറുസലേമിൽ രാത്രികാലങ്ങളിലും ഏറ്റുമുട്ടലുകളുണ്ടാകുന്നുണ്ട്.

രാജ്യത്തേക്ക് ആയിരക്കണക്കിന് മിസൈലുകൾ സായുധസംഘമായ ഹമാസ് തൊടുത്തുവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. പലസ്തീനിലേക്ക് പീരങ്കിയാക്രമണവും കരയാക്രമണവും ഇസ്രയേൽ കടുപ്പിച്ചു. കൂടുതൽ സേനയെ ഇറക്കിയിട്ടുമുണ്ട്. 2014-നുശേഷം അതിർത്തി ഇത്രയും പുകയുന്നത് ഇതാദ്യമാണ്. അതേസമയം, സമാധാനചർച്ചകൾക്കായി യു.എസ്. പ്രതിനിധിസംഘം വെള്ളിയാഴ്ച ടെൽ അവീവിലെത്തി.