വാഷിങ്ടൺ: കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുത്തവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന ഉത്തരവിനുപിന്നാലെ യു.എസിൽ ആശയക്കുഴപ്പം. അപ്രതീക്ഷിതമായി പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാനങ്ങളും വ്യവസായസ്ഥാപനങ്ങളുമടക്കം. പുറത്ത് ഒരാൾ മാസ്കിടാതെ നടന്നാൽ ഒറ്റനോട്ടത്തിൽ അയാൾ വാക്സിനെടുത്തതാണോയെന്ന് മറ്റുള്ളവർക്ക് മനസ്സിലാവില്ല. കോവിഡ് ഗുരുതരമായി ബാധിച്ച അമേരിക്കയിൽ വാക്സിനെടുക്കാത്തവർ മാസ്കിടാകെ നടന്ന് വീണ്ടും രോഗം പടർത്തുമോയെന്ന ഭീതിയും ഉയർന്നിട്ടുണ്ട്.

അതേസമയം സർക്കാർ ഉത്തരവ് നടപ്പാക്കുമെന്ന് വെർജീനിയ, മേരിലൻഡ് സംസ്ഥാനങ്ങൾ വ്യക്തമാക്കിയപ്പോൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് ന്യൂയോർക്ക്, വാഷിങ്ടൺ തുടങ്ങിയ സംസ്ഥാനങ്ങളുടെ നിലപാട്. യു.എസ്. റീട്ടെയിൽ ഭീമനായ വാൾമാർട്ട് അടക്കമുള്ള സ്ഥാപനങ്ങളും ഉത്തരവ് നടപ്പാക്കിയിട്ടുണ്ട്.