ബെയ്ജിങ്: യു.എസിനു പിന്നാലെ ചരിത്രം കുറിച്ച് ചൈനയുടെ സുറോങ് റോവർ ശനിയാഴ്ച പുലർച്ചെ ചൊവ്വോപരിതലത്തിലിറങ്ങി. റോവറിനെയും വഹിച്ച് ടിയാൻവെൻ-1 ഓർബിറ്റർ ഫെബ്രുവരിയിൽ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നെങ്കിലും മൂന്നുമാസത്തോളം ചൊവ്വയെ വലംവെച്ചശേഷമാണ് ലാൻഡിങ്. ഉത്തരാർധഗോളത്തിലുള്ള ഉട്ടോപ്യ പ്ലാനിഷ്യയിലാണ് റോവർ ഇറക്കിയത്. ഇവിടെ ഉപരിതലത്തിനടിയിൽ മഞ്ഞുപാളികളുണ്ടെന്നാണ് അനുമാനം.

ആദ്യ ദൗത്യത്തിൽത്തന്നെ ചൊവ്വയിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യരാജ്യമെന്ന നേട്ടവും ചൈന സ്വന്തമാക്കി.

ചൈനീസ് പുരാണങ്ങളിലെ അഗ്നിദേവന്റെ (സുറോങ്) പേരാണ് റോവറിന് നൽകിയിരിക്കുന്നത്.

ബഹിരാകാശത്ത് സ്വന്തമായി സ്ഥാപിക്കുന്ന നിലയത്തിന്റെ പ്രധാനഭാഗം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതിനു പിന്നാലെയാണ് ചൊവ്വയിലും ചൈന ചരിത്രവിജയം നേടിയത്. ചൊവ്വയിലെ ജസേറോ കാർട്ടറിൽ നിലവിൽ നാസയുടെ പെർസിവിയറൻസ് പേടകം പഠനം നടത്തുന്നുണ്ട്. 1976 മുതൽ അമേരിക്ക ഒൻപതുതവണ ചൊവ്വയിൽ പേടകമിറക്കിയിട്ടുണ്ട്. നാസയുടെ വൈക്കിങ്-1 ആയിരുന്നു ആദ്യദൗത്യം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നാസയുടെ ശാസ്ത്രവിഭാഗം തലവൻ തോമസ് സർബുച്ചെന്നും ദൗത്യസംഘത്തെ അഭിനന്ദിച്ചു.

* ലക്ഷ്യം-ചൊവ്വയുടെ ഉപരിതലം, മണ്ണ്, പുരാതനജീവികളുടെ ശേഷിപ്പ്, ജലാംശം, മഞ്ഞുകട്ട എന്നിവയെക്കുറിച്ചുള്ള പഠനം

* റോവറിന് ആറുചക്രം

* സോളാർ പാനലും ആന്റിനയും നിവർത്തി ഭൂമിയിലേക്ക് സിഗ്നലുകൾ അയക്കാൻ 17 മിനിറ്റെടുത്തു