ലണ്ടൻ: ചൈനയിലെ വുഹാൻ ലാബിൽനിന്നാണ് കോവിഡ് വൈറസുകൾ ചോർന്നതെന്ന വാദം ശക്തമാകുന്നതിനിടെ ലോകമെമ്പാടും 59 ലാബുകൾ അപകടകരമായ രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതായി റിപ്പോർട്ട്. ഇവയിൽ ഭൂരിഭാഗവും വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ലണ്ടനിലെ കിങ്സ് കോളേജിലെ ഫിലിപ്പ്‌ ലെന്റ്സോസ്, യു.എസിലെ ജോർജ് മേസൻ സർവകലാശാലയിലെ ഗ്രിഗറി കോംബ്ലെൻറ്സ് എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ.

ആഗോള ആരോഗ്യ സുരക്ഷാ സൂചിക പ്രകാരം അപകടകരമായ രോഗാണുക്കളെ കൈകാര്യം ചെയ്യുന്ന ലാബുകളിൽ നാലിലൊന്നു മാത്രമാണ് മികച്ച നിലവാരം പുലർത്തുന്നത്. രോഗനിർണയവും മരുന്ന് കണ്ടെത്തലും ഉൾപ്പെടെയുള്ള പ്രവർത്തനമാണ് ഇത്തരം ലാബുകളിൽ നടക്കുന്നത്.

23 രാജ്യങ്ങളിലായി ഇവ ലോകമെങ്ങും വ്യാപിച്ചുകിടക്കുന്നു. യൂറോപ്പിലാണ് ഇത്തരത്തിലുള്ള 25 ലാബുകളുള്ളത്. വടക്കേ അമേരിക്കയിൽ 14-ഉം ഏഷ്യയിൽ 13-ഉം. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് ഇവയിൽ ഏറ്റവും വലുത്. വേണ്ട മുൻകരുതലുകൾ സ്വീകരിക്കാത്ത ഒട്ടേറെ രാജ്യങ്ങളിൽ ഇത്തരം ലാബുകളിൽ കോവിഡ് വൈറസുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടക്കുന്നു. ഇതു രോഗവ്യാപനത്തിന് ഇടയാക്കിയേക്കുമെന്നും ഗവേഷകർ പറയുന്നു. ഇത്തരം ലാബുകളുടെ സുരക്ഷ വർധിപ്പിക്കേണ്ടതിന്റെ ആവശ്യം കോവിഡ്‌വ്യാപനം നമുക്കു കാട്ടിത്തരുന്നു. ഇത്തരം പിഴവുകൾ ഒഴിവാക്കിയുള്ള ഗവേഷണമാകും സമൂഹത്തിന് ഗുണം ചെയ്യുകയെന്നും ഗവേഷകർ പറഞ്ഞു.