തായ്‌പേയ്: തയ്‌വാൻ തർക്കത്തിൽ സമാധാനപരമായ പരിഹാരം വേണമെന്ന ജി7 രാജ്യങ്ങളുടെ ആഹ്വാനത്തിനുപിന്നാലെ തയ്‌വാനുമുകളിൽ ചൊവ്വാഴ്ച ചൈനയുടെ 28 യുദ്ധവിമാനങ്ങൾ റോന്തുചുറ്റി. ഇതിനെതിരേ തെക്കുപടിഞ്ഞാറൻ മേഖലയിൽ തയ്‌വാൻ വ്യോമപ്രതിരോധസേനയെ വിന്യസിച്ചു. കഴിഞ്ഞകൊല്ലംമുതൽ ദിവസേനയെന്നോണം തയ്‌വാൻ വ്യോമമേഖലയിലേക്ക് ചൈന വിമാനങ്ങളയക്കുന്നുണ്ടെങ്കിലും ഇത്രയുമെണ്ണം ഒരുദിവസമെത്തുന്നത് ആദ്യമായാണെന്ന് തയ്‌വാൻ പ്രതിരോധമന്ത്രി അറിയിച്ചു.

14 ജെ-16 വിമാനങ്ങളും ആറ് ഡെ-11 വിമാനങ്ങളും ഏതാനും ബോംബർ വിമാനങ്ങളുമാണ് തയ്‌വാന്റെ വ്യോമമേഖലയിൽ കടന്നത്. തയ്‌വാൻ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ജി7 രാജ്യങ്ങൾ തങ്ങളുടെ ആഭ്യന്തരവിഷയത്തിൽ ഇടപെടുകയാണെന്നുമാണ് ചൈനയുടെ ആരോപണം. ചൈന ഭീഷണിയാണെന്ന് നാറ്റോ രാജ്യങ്ങൾ പറഞ്ഞുപരത്തുകയാണെന്നും ചൈന ആരോപിച്ചിട്ടുണ്ട്.