വെസ്റ്റ്ബാങ്ക്: വീണ്ടുമൊരു യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത നിലനിൽക്കെ കിഴക്കൻ ജറുസലേമിലെ ഓൾഡ് സിറ്റിയിലും സമീപപ്രദേശങ്ങളിലും തീവ്രവലതുപക്ഷ ജൂതമതക്കാർ ഇസ്രയേൽ പതാകയുമേന്തി ചൊവ്വാഴ്ച റാലി നടത്തി. റാലി ഓൾഡ് സിറ്റിയിലേക്ക് പ്രവേശിച്ചതോടെ പലസ്തീനികൾ പ്രതിഷേധവുമായെത്തിയത് സംഘർഷത്തിൽ കലാശിച്ചു. അഞ്ച് പലസ്തീനികൾക്ക് ഇസ്രയേൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റതായി റെഡ് ക്രെസെന്റ് അറിയിച്ചു. സൈന്യം ഗ്രനേഡും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചതിനെത്തുടർന്നാണ് പലസ്തീനികൾക്ക് പരിക്കേറ്റത്. ഞായറാഴ്ച അധികാരമേറ്റ നഫ്ത്താലി ബെന്നറ്റ് സർക്കാർ അനുമതിനൽകിയതിനെത്തുടർന്നാണ് റാലി നടന്നത്. ഓൾഡ് സിറ്റിയുടെ ഒരുഭാഗത്ത് പലസ്തീനികളാണ് കഴിയുന്നത്.

ഇതോടെ, 11 ദിവസംനീണ്ട ഏറ്റുമുട്ടലിനൊടുവിൽ താത്കാലിക അയവുവന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് റാലി വീണ്ടും പ്രകോപനമാവുമോയെന്ന ഭീതിയുയർന്നു.

ജറുസലേമിലേക്കും തങ്ങളുടെ മറ്റ് പുണ്യപ്രദേശങ്ങളിലേക്കുമുള്ള കടന്നുകയറ്റവും പ്രകോപനവുമാണ് റാലിയെന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തായി ആരോപിച്ചു. ചൊവ്വാഴ്ച രോഷദിനമായും പലസ്തീൻ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കുപിന്നാലെ പുതിയ ആഭ്യന്തര സുരക്ഷാമന്ത്രി ഒമെർ ബർലേവാണ് റാലിക്ക് അനുമതി നൽകിയത്. പോലീസ് പൂർണസജ്ജരാണെന്നും അദ്ദേഹം പറയുന്നു. മേയ് പത്തിന് അൽ അഖ്സയ്ക്കുസമീപമുണ്ടായ റാലിയാണ് 11 ദിവസം നീണ്ട സംഘർഷങ്ങളിലേക്ക് വഴിവെച്ചത്.

പലസ്തീൻ നയമാറ്റത്തിൽ താത്പര്യമില്ലാതെ പുതിയ സർക്കാർ

ബെയ്ത: അറബ് കക്ഷിക്കും പങ്കാളിത്തമുണ്ടെങ്കിലും പതിറ്റാണ്ടുകൾ നീണ്ട പലസ്തീനുമായുള്ള സംഘർഷം പരിഹരിക്കുന്നതിന് പുതിയ സഖ്യസർക്കാരിന് അധികം താത്പര്യമില്ലെന്നുതന്നെയാണ് വ്യക്തമാകുന്നത്. വിശ്വാസവോട്ടെടുപ്പിൽ 59-നെതിരേ 60 വോട്ടുകൾക്കുമാത്രം അധികാരത്തിലെത്തിയ സഖ്യസർക്കാരിൽ വിള്ളൽ വരുത്താൻ തീവ്ര ജൂതമതവാദികൾ ഇതിനകംതന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. തീവ്രവലതുപക്ഷത്തിനു ഒരുപരിധിവരെ വഴങ്ങുകയല്ലാതെ ഐക്യസർക്കാരിനുമുമ്പിൽ മറ്റു വഴികളില്ലെന്നതാണ് യാഥാർഥ്യം. സഖ്യസർക്കാർ പൊളിക്കുമെന്ന് മുൻപ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മുന്നറിയിപ്പുനൽകിയിട്ടുണ്ട്.