ന്യൂയോർക്ക്: യു.എസിലെ ഹിന്ദുസമൂഹത്തിന്റെ എതിർപ്പിനെത്തുടർന്ന് ഗണേശരൂപത്തിലുള്ള ആഡംബര തുകൽബാഗിന്റെ വിൽപ്പന ഹരോഡ്സ് നിർത്തി. ജുഡിത് ലെയ്ബറെന്ന പ്രശസ്ത ഫാഷൻ ലേബലിൽ പുറത്തിറക്കിയ ബാഗാണ് ഹരോഡ്സ് വിൽപ്പനകേന്ദ്രം നിർത്തിയത്. ജുഡിത് ലെയ്ബറിന്റെ ‘ഇൻസ്റ്റഗ്രാമി’ൽനിന്നും ബാഗിന്റെ ചിത്രം നീക്കിയിട്ടുണ്ട്. അമേരിക്കൻ ഗായകരായ ബിയോൺസിന്റെയും ജെന്നിഫർ ലോപസിന്റെയും പ്രിയപ്പെട്ട ഈ ബാഗ് 6.55 ലക്ഷം രൂപയ്ക്കാണ് വിറ്റിരുന്നത്. മതത്തെ അധിക്ഷേപിക്കുന്നതും വിൽപ്പനച്ചരക്കാക്കുന്നതുമാണ് ബാഗെന്ന് യു.എസിലെ ഹിന്ദുസമൂഹം സാമൂഹികമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.

ബാഗിന്റെ വിൽപ്പന തങ്ങളുടെ വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തെന്ന് ഹരോഡ്സ് ‘ട്വിറ്ററി’ലൂടെ അറിയിച്ചു. ഹിന്ദു സമുദായത്തിന് വിഷമമുണ്ടാക്കിയതിൽ ക്ഷമ ചോദിക്കുന്നതായും സംസ്കാരങ്ങളെയും കലാരൂപങ്ങളെയും ബഹുമാനിച്ചുകൊണ്ടുള്ള വിശിഷ്ടമായ മാതൃകകൾ സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നും ജുഡിത് ലെയ്ബർ പ്രസിഡന്റ് ലെല കാത്‌സുനെ പറഞ്ഞു. തുകൽ നിർമിതവസ്തുക്കൾ ഹിന്ദുവിശ്വാസങ്ങൾക്കെതിരാണെന്ന് മനസ്സിലാക്കുന്നതായും ബദൽമാർഗങ്ങളൊരുക്കുമെന്നും ലെല വ്യക്തമാക്കി.