വാഷിങ്ടൺ: യു.എസിലെ ലോകവ്യാപാരസമുച്ചയത്തിൽ അൽഖായിദ ആക്രമണം നടത്തിയതിന്റെ 20-ാം വാർഷികത്തിനുമുമ്പേ അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം. കൊല്ലത്തിൽ നൂറുകോടി ഡോളറോളം ചെലവിട്ട് ഒരുരാജ്യത്ത് സൈനികവിന്യാസം കേന്ദ്രീകരിക്കുന്നതിൽ അർഥമില്ലെന്നാണ് ബൈഡന്റെ പക്ഷം. അതേസമയം, അഫ്ഗാനിൽ സമാധാനം സ്ഥാപിക്കാൻ മേഖലയിലെ പാകിസ്താൻ, റഷ്യ, ചൈന, ഇന്ത്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ‘കൂടുതൽ കാര്യങ്ങൾ’ ചെയ്ത് രാജ്യത്തെ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“അഫ്ഗാൻറെ സുസ്ഥിരഭാവിയിൽ മേഖലയിലെ രാജ്യങ്ങൾക്കെല്ലാം സുപ്രധാനപങ്കുണ്ട്. ഉത്തരവാദിത്വത്തോടെ, അഫ്ഗാനിൽ സൈനികബലമുള്ള സഖ്യകക്ഷികളുമായി സഹകരിച്ചേ നടപടികളെടുക്കൂ. അമേരിക്കയുടെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധം അവസാനിപ്പിക്കാറായി. 20 കൊല്ലംമുമ്പ് രാജ്യത്തുണ്ടായ ഹീനമായ ആക്രമണത്തെത്തുടർന്ന് കൃത്യമായ ലക്ഷ്യങ്ങളോടെയാണ് അഫ്ഗാനിലേക്ക് നമ്മൾ യുദ്ധത്തിനുപോയത്. ലക്ഷ്യം നേടി. ബിൻ ലാദനെ വധിച്ചു. അൽഖായിദ ക്ഷയിച്ചു. യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള സമയമാണിത്. തലമുറകളോളം അഫ്ഗാനിൽ യുദ്ധം ചെയ്യാൻ അമേരിക്ക ഉദ്ദേശിച്ചിട്ടില്ല. ഇപ്പോൾ താലിബാനുമായുള്ള യുദ്ധത്തെക്കാൾ നമുക്കുമുമ്പിലുള്ള മറ്റുവെല്ലുവിളികളിൽ ശ്രദ്ധകേന്ദ്രീകരിക്കണം. ഭീകരതയ്ക്കെതിരേ എന്നും പോരാട്ടരംഗത്തുണ്ടാവും” -ബൈഡൻ പറഞ്ഞു.

ബുഷുമായും ഒബാമയുമായും കൂടിയാലോചന നടത്തിയശേഷമായിരുന്നു ബൈഡന്റെ പ്രഖ്യാപനം. 2020 ഫെബ്രുവരിയിൽ ദോഹയിൽവെച്ച് യു.എസും താലിബാനുമായുണ്ടാക്കിയ സമാധാനക്കരാറിൽ സേനാപിന്മാറ്റത്തിന് ധാരണയുണ്ടായിരുന്നു. അതിനിടെ, യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച അഫ്ഗാനിൽ അപ്രഖ്യാപിത സന്ദർശനം നടത്തി. സേനാപിന്മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസിഡന്റ് അഷ്‌റഫ് ഗനി, ചീഫ് എക്സിക്യുട്ടീവ് അബ്ദുള്ള അബ്ദുള്ള തുടങ്ങിയവരുമായി അദ്ദേഹം ചർച്ച നടത്തി.

അവസാനിപ്പിക്കുന്നത് രണ്ടുപതിറ്റാണ്ടുനീണ്ട ദൗത്യം

2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രത്തിലെ ഇരട്ടസമുച്ചയം അഫ്ഗാൻകേന്ദ്രമായി പ്രവർത്തിക്കുന്ന അൽഖായിദ ഭീകരസംഘടന തകർത്തു. ഇതിനുപിന്നാലെയാണ് അഫ്ഗാനിലേക്ക് യു.എസ്. സൈനികരെത്തുന്നത്. ആക്രമണം ആസൂത്രണംചെയ്ത അൽഖായിദ തലവൻ ഉസാമ ബിൻലാദനെ വധിക്കുകയായിരുന്നു പ്രഥമലക്ഷ്യം. ഒപ്പം സംഘടനയുടെ വേരുകൾ അറക്കാനും. 2001-ൽ വൈറ്റ്ഹൗസിലെ ട്രീറ്റി റൂമിലിരുന്നാണ് അഫ്ഗാനിലെ അൽഖായിദ പരിശീലനക്യാമ്പുകൾക്കുനേരെ യു.എസ് ആക്രമണം തുടങ്ങുകയാണെന്ന് അന്നത്തെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് പ്രഖ്യാപിച്ചത്. 20 കൊല്ലങ്ങൾക്കുശേഷം ഇതേമുറിയിലിരുന്നുതന്നെ ബൈഡൻ സേനാപിന്മാറ്റം പ്രഖ്യാപിച്ചു.