അബുദാബി: ഇന്ത്യക്കാരനുൾപ്പെടെ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും യു.എ.ഇ. പ്രാദേശിക തീവ്രവാദിപട്ടികയിൽ ഉൾപ്പെടുത്തി. യു.എ.ഇ. മന്ത്രിസഭ ഇതുസംബന്ധിച്ച്‌ പ്രസ്താവനയിറക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മനോജ് സബർവാൾ ഓംപ്രകാശാണ് പട്ടികയിലുള്ള ഇന്ത്യക്കാരൻ. തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും സാമ്പത്തികസഹായം നൽകുന്ന ശൃംഖലകളെ തകർക്കാനുള്ള യു.എ.ഇ.യുടെ പ്രതിബദ്ധതയാണ് പ്രമേയം അടിവരയിടുന്നതെന്നും ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കുന്നു. സാമ്പത്തിക, വാണിജ്യ, സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുകയും തിരിച്ചറിയുകയും 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്യും.

പട്ടികയിൽ അഹമ്മദ് മൊഹമ്മദ് അബ്ദുല്ല മൊഹമ്മദ് അൽഷൈബ അൽനുഐമി, മൊഹമ്മദ് സഖർ യൂസിഫ് സഖർ അൽ സാബി, ഹമദ് മൊഹമ്മദ് റഹ്മ ഹുമൈദ് അൽഷംസി, സയീദ് നസീർ സയീദ് നസീർ അൽതെനെജി എന്നീ നാല് യു.എ.ഇ. പൗരൻമാരും അലി നസീർ അലാസീരി എന്ന സൗദി പൗരനുമുണ്ട്. ലെബനൻ (രണ്ട്), യെമൻ (എട്ട്), ഇറാഖ് (രണ്ട്), അഫ്ഗാനിസ്താൻ (ഒന്ന്), സിറിയ (മൂന്ന്), ഇറാൻ (അഞ്ച്), നൈജീരിയ (ആറ്), ബ്രിട്ടൻ (ഒന്ന്), റഷ്യ(ഒന്ന്), ജോർദാൻ(ഒന്ന്), സെയ്ന്റ് കിറ്റ്‌സ് ആൻഡ് നെവിസ് (രണ്ട്) എന്നീ രാജ്യങ്ങളിലുള്ളവരും പട്ടികയിലുണ്ട്.