കാബൂൾ: അഫ്ഗാനിസ്താൻ ഉപപ്രധാനമന്ത്രി മുല്ല ബരാദർ ആഭ്യന്തര തർക്കത്തിൽ വെടിയേറ്റുമരിച്ചെന്ന റിപ്പോർട്ടുകൾ താലിബാൻ തള്ളി. ബരാദർ ജീവനോടെയുണ്ടെന്ന് വ്യക്തമാക്കിയ അവരുടെ വക്താവ് സുലൈൽ ഷഹീൻ അദ്ദേഹത്തിന്റെ ശബ്ദസന്ദേശം പുറത്തുവിട്ടു.

കുറച്ചുദിവസമായി ഞാനൊരു യാത്രയിലായിരുന്നു. ഇതു മുതലെടുത്ത് മാധ്യമങ്ങൾ വ്യാജവാർത്തകളുണ്ടാക്കുകയായിരുന്നുവെന്ന് ബരാദർ സന്ദേശത്തിൽ പറയുന്നു. താനും തന്റെ അനുയായികളും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. കാണ്ഡഹാറിലെ യോഗങ്ങളിൽ ബരാദർ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും താലിബാൻ പുറത്തുവിട്ടു.

അഫ്ഗാന്റെ നിയന്ത്രണം പിടിച്ചതിനു പിന്നാലെ പങ്കാളികളായ ഹഖാനി ഭീകരശൃംഖലയുമായുണ്ടായ അധികാരതർക്കത്തിനിടെ ബരാദർ വെടിയേറ്റുമരിച്ചെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. സർക്കാർ പ്രഖ്യാപനത്തിനുശേഷം ഹഖാനി നേതാവും ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീൻ ഹഖാനിയുടെ അനുയായികളും ബരാദറിന്റെ അനുയായികളും പാകിസ്താൻ അതിർക്കുസമീപം സംഘർഷത്തിൽ ഏർപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇതോടെയാണ് വിശദീകരണവുമായി താലിബാൻ രംഗത്തെത്തിയത്.

നേരത്തേ താലിബാൻ സർക്കാരിനെ നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബരാദർ കുറച്ചുകാലമായി പൊതുവേദികളിൽനിന്നും വിട്ടുനിൽക്കുകയാണ്. ഞായറാഴ്ച ഖത്തർ വിദേശമന്ത്രിയുമായി ചർച്ച നടത്തിയ താലിബാന്റെ മന്ത്രിതല സംഘത്തിലും ബരാദർ ഉൾപ്പെട്ടിരുന്നില്ല.