മെൽബൺ: ഇന്ത്യയിൽ കുടുങ്ങിയ പൗരൻമാരെ ഓസ്ട്രേലിയ പ്രത്യേകവിമാനത്തിൽ തിരികെ നാട്ടിലെത്തിക്കും. ഇതിനായി ആദ്യവിമാനം വ്യാഴാഴ്ച സിഡ്നിയിൽനിന്ന് ഡൽഹിയിലെത്തി. പൗരന്മാരെയുംകൊണ്ട് ശനിയാഴ്ച വിമാനം തിരിച്ച് ഡാർവിനിലെത്തുമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി മാരിസ് പെയ്ൻ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് ഓസ്ടേലിയ വിലക്കേർപ്പെടുത്തിയിരുന്നു. കോവിഡ് പ്രതിരോധപ്രവർത്തനത്തിനാവശ്യമായ ഓക്സിജനും ഇന്ത്യയിലേക്കുപോയ വിമാനത്തിൽ കയറ്റിയയച്ചിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു. രണ്ടായിരത്തിലധികം വെന്റിലേറ്ററുകളും നൂറിലധികം ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെ 15 ടണ്ണിലധികം വൈദ്യസഹായം ഓസ്‌ട്രേലിയ ഇതുവരെ ഇന്ത്യക്ക് നൽകിയിട്ടുണ്ട്.