കാഠ്മണ്ഡു: നേപ്പാളിൽ പുറത്തായി ദിവസങ്ങൾക്കുശേഷം കെ.പി. ശർമ ഒലി പ്രധാനമന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. തിങ്കളാഴ്ച പാർലമെന്റിൽനടന്ന വിശ്വാസവോട്ടെടുപ്പിൽ ഒലി പരാജയപ്പെട്ടിരുന്നു. തുടർന്ന്, പ്രതിപക്ഷത്തുള്ള നേപ്പാളി കോൺഗ്രസ് സഖ്യസർക്കാരുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഭൂരിപക്ഷപിന്തുണ ഉറപ്പാക്കാനായില്ല. ഇതോടെയാണ് ഏറ്റവുംവലിയ ഒറ്റകക്ഷിയുടെ നേതാവെന്ന നിലയിൽ ഒലി സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

വെള്ളിയാഴ്ച ഒലിയും ഉപപ്രധാനമന്ത്രി ഈശ്വർ പൊഖ്രായേൽ ഉൾപ്പെടെയുള്ള മറ്റുമന്ത്രിമാരും വീണ്ടും സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി സത്യവാചകം ചൊല്ലിക്കൊടുത്തു. പഴയ മന്ത്രിസഭാംഗങ്ങളെയെല്ലാം ഒലി നിലനിർത്തി. അതേസമയം, അധികാരത്തിലിരിക്കാൻ 30 ദിവസത്തിനുള്ളിൽ പാർലമെന്റിൽ ഒലി ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്.

ഒലിയുമായി തെറ്റിപ്പിരിഞ്ഞ മുൻ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ പ്രചണ്ഡയുടെ പിന്തുണയോടെ സർക്കാർ രൂപവത്‌കരിക്കാനാണ് നേപ്പാളി കോൺഗ്രസ് പാർട്ടി പ്രസിഡന്റ് ഷേർ ബഹാദൂർ ദ്യൂബ ലക്ഷ്യമിട്ടിരുന്നത്. മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാളിനെ പിന്തുണയ്ക്കുന്ന 28 അംഗങ്ങളെ രാജിവെപ്പിച്ച് കൂടെക്കൂട്ടാനും തീരുമാനിച്ചിരുന്നു. എന്നാൽ, അവസാനനിമിഷം ഒലിയുമായി കൂടിക്കാഴ്ച നടത്തിയ മാധവ് കുമാർ തീരുമാനങ്ങളിൽനിന്ന് പിന്മാറിയതോടെ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ പരാജയപ്പെട്ടു.

പാർലമെന്റിൽ ഒലിയുടെ പാർട്ടിക്ക് 121 അംഗങ്ങളാണുള്ളത്. നേപ്പാളി കോൺഗ്രസിന് 61-ഉം പ്രചണ്ഡവിഭാഗത്തിന് 49-ഉം. 271 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് 136 പേരുടെ പിന്തുണ ആവശ്യമാണ്.