ഗാസ/ജറുസലേം: അതിർത്തിയിലെ ജീവനുകൾക്ക് ഉറക്കമില്ലാ രാത്രികൾനൽകി ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ ശക്തമാകുന്നു. പലസ്തീനിയൻ സായുധസംഘമായ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസാ മുനമ്പിനുനേരെ വെള്ളിയാഴ്ച ഇസ്രയേൽ പീരങ്കി പ്രയോഗിച്ചു. വ്യാഴാഴ്ച അർധരാത്രി കഴിഞ്ഞതോടെയായിരുന്നു ആക്രമണം. ഒട്ടേറെത്തവണ വ്യോമാക്രമണവും നടത്തി. വ്യോമ, കര സേനകളെ ഹമാസിനെതിരായ യുദ്ധത്തിന് ഇസ്രയേൽ അണിനിരത്തിയിട്ടുണ്ട്. പലസ്തീൻ മേഖലകൾക്കുചുറ്റം ഇസ്രയേൽ സൈനികരെയും ടാങ്കുകളും വിന്യസിച്ചു.

ഹമാസ്-ഇസ്രയേൽ സംഘർഷം രൂക്ഷമായിത്തുടങ്ങിയ തിങ്കളാഴ്ചമുതൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 122 ആയി. ഇതിൽ 31 പേർ കുട്ടികളാണ്. എട്ട് ഇസ്രയേലികളും മരിച്ചു. 900-ത്തിലേറെപ്പേർക്ക് പരിക്കുണ്ട്. സമാധാനത്തിന് അന്താരാഷ്ട്ര ആഹ്വാനമുണ്ടെങ്കിലും ആക്രമണം കടുപ്പിക്കുമെന്ന സൂചനയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകുന്നത്. വാണിജ്യനഗരമായ ടെൽ അവീവിനുനേരെ ഹമാസ് റോക്കറ്റാക്രമണം ശക്തമാക്കിയത് ഇസ്രയേലിനും ഭീഷണിയുയർത്തിയിട്ടുണ്ട്.

ഹമാസിന്റെ തുരങ്കങ്ങൾ അടക്കം നശിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഗാസയിൽ പ്രവേശിച്ചിട്ടില്ലെന്നും 225-ലേറെ മിസൈലുകൾ ഹമാസ് തങ്ങൾക്കുനേരെ തൊടുത്തെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു.

അതിനിടെ, ഇസ്രയേലിൽ അറബ്-ജൂത മതക്കാർ തമ്മിലുയരുന്ന സംഘർഷം ആഭ്യന്തരയുദ്ധത്തിലേക്ക് വഴിവെക്കുമോയെന്ന ഭീതിയുയരുന്നുണ്ട്. സംഘർഷത്തിൽ ഇതുവരെ 400-ലേറെപ്പേരെ അറസ്റ്റുചെയ്തു. 2014-നുശേഷം ഇസ്രയേൽ-പലസ്തീൻ സംഘർഷം ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്.

അതിർത്തിയിൽനിന്ന് പലസ്തീനികൾ പലായനം ചെയ്യുന്നു

വീടുകൾക്കുമുകളിൽ ഷെൽ പതിച്ചതിനെത്തുടർന്ന് ഗാസയിലെ ഷെജയ്യ അടക്കം ഇസ്രയേൽ അതിർത്തിയോടുചേർന്ന മേഖലകളിൽനിന്ന് പലസ്തീനികൾ കൂട്ടപ്പലായനം തുടങ്ങി. വടക്കൻ ഗാസയിലെ യു.എൻ. നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ നൂറുകണക്കിന് കുടുംബങ്ങൾ അഭയം തേടി.