വാഷിങ്‌ടൺ: നിസാൻ കമ്പനി മുൻമേധാവിയായിരുന്ന കാർലോസ് ഘോസനെ ജപ്പാനിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ച കേസിൽ അമേരിക്കൻ പൗരന്മാരായ അച്ഛനും മകനും കുറ്റസമ്മതം നടത്തി. യു.എസിലെ പ്രത്യേക സേനാവിഭാഗം മുൻ ഉദ്യോഗസ്ഥനായ മൈക്കൽ ടെയ്‌ലറും (60), മകൻ പീറ്ററും (28) ടോക്യോ കോടതിയിലാണ് കുറ്റസമ്മതം നടത്തിയത്. ഇവർ മൂന്നുവർഷംവരെ തടവുശിക്ഷ അനുഭവിക്കണം. സാമ്പത്തിക അഴിമതിക്കേസിൽ വിചാരണ നേരിട്ട കാർലോസ്, 2019 ഡിസംബറിലാണ് ജപ്പാനിലെ കൻസായി വിമാനത്താവളത്തിൽനിന്ന് പ്രത്യേകവിമാനത്തിലെ ചരക്കുപെട്ടിയിൽ ലെബനനിലേക്ക് കടന്നത്.