കൊളംബോ: കഴിഞ്ഞമാസം കൊളംബോ തീരത്ത് തീപ്പിടിച്ച എം.വി. എക്സ്പ്രസ് പേൾ ചരക്കുകപ്പലിന്റെ ക്യാപ്റ്റനെ ശ്രീലങ്കൻ ക്രിമിനിൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റുചെയ്തു. റഷ്യൻ പൗരനായ ക്യാപ്റ്റനെ കൊളംബോ ഹൈക്കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വക്താവ് ഡി.ഐ.ജി. അജിത് റൊഹാന പറഞ്ഞു. നേരത്തേ ക്യാപ്റ്റനിൽ നിന്നും ചീഫ് എൻജിനിയർ അടക്കമുള്ളവരിൽനിന്നും മൊഴിയെടുത്തിരുന്നു. ഇവർ താമസിക്കുന്ന ഹോട്ടലിലെത്തിയാണ് അറസ്റ്റ്. കപ്പലിൽ മേയ് 20-ന് പടർന്ന തീ 13 ദിവസത്തിനുശേഷമാണ് അണയ്ക്കാനായത്. കപ്പലിൽനിന്ന് ചോർന്ന ആസിഡും ഇന്ധനവും വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ശ്രീലങ്കൻ തീരത്തുണ്ടാക്കിയത്. ഏകദേശം 292 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.