വാഷിങ്ടൺ: ഭൂമിക്കു ചന്ദ്രനെന്നപോലെ സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹത്തെ വലംവെക്കുന്ന മറ്റൊരു ഉപഗ്രഹത്തെക്കൂടി ജ്യോതിശ്ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. വ്യാഴത്തിനു സമാനമായ ഗ്രഹത്തെ ചുറ്റുന്ന ഭൂമിയെക്കാൾ 2.6 മടങ്ങ് വ്യാസമുള്ള ഉപഗ്രഹത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. 5700 പ്രകാശവർഷം അകലെയുള്ള സൂര്യനെപ്പോലുള്ള മറ്റൊരു നക്ഷത്രത്തെ കേന്ദ്രീകരിച്ചാണിവയുള്ളത്. 2018-ൽ നാസയുടെ കെപ്ലെർ ടെലിസ്കോപ്പ് ശേഖരിച്ച വിവരങ്ങളാണ് പുതിയ കണ്ടുപിടിത്തത്തിന് സഹായിച്ചത്. അതേസമയം, ഉപഗ്രഹം പർവതങ്ങൾ നിറഞ്ഞതാണോ വാതകങ്ങൾ നിറഞ്ഞതാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് കൊളംബിയ സർവകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ ഡേവിഡ് കിപ്പിങ് പറഞ്ഞു. ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ കൂടുതൽ കാര്യങ്ങൾ അറിയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല മറ്റൊരു നക്ഷത്രവ്യവസ്ഥയിലെ ഉപഗ്രഹത്തെ ജ്യോതിശ്ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. നാച്വർ അസ്ട്രോണമിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.