ലണ്ടൻ: രാജ്യത്തെ പാർലമെന്റിനുള്ളിൽ ചൈനയുടെ ചാരൻ പ്രവർത്തിക്കുന്നുണ്ടെന്നും ചൈനീസ് ഏജന്റ് രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് തെളിവുണ്ടെന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമായ എം15-ൻറെ മുന്നറിയിപ്പ്. ഇക്കാര്യം വ്യക്തമാക്കി പാർലമെന്റ് അധോസഭയായ ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ലിൻഡ്സേ ഹൊയ്‌ലേ എം.പി.മാർക്കെല്ലാം ഇ-മെയിൽ അയച്ചിട്ടുണ്ട്. ലണ്ടനിൽ നിയമസ്ഥാപനം നടത്തുന്ന ക്രിസ്റ്റിൻ ലീ എന്ന വനിത ബ്രിട്ടിഷ് എം.പി.മാർ അടക്കമുള്ളവർക്കിടയിൽ രഹസ്യശൃംഖല ഉണ്ടാക്കി ചാരപ്രവർത്തനം നടത്തുന്നു എന്നാണ് മുന്നറിയിപ്പ്. ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ യുണൈറ്റഡ് ഫ്രണ്ട് വർക്ക് ഡിപ്പാർട്ട്മെന്റിനു വേണ്ടി ഇവർ അറിഞ്ഞുകൊണ്ട് രാഷ്ട്രീയ ഇടപെടൽ നടത്തി എന്നാണ് ആരോപണം. എന്നാൽ ലീയെ അറസ്റ്റുചെയ്യുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല. ആരോപണം ലണ്ടനിലെ ചൈനീസ് എംബസി നിഷേധിച്ചു. ഒരു വിദേശപാർലമെന്റിലും സ്വാധീനമുണ്ടാക്കേണ്ട ആവശ്യം തങ്ങൾക്കില്ല. ഒരിക്കലും അത് ചെയ്യില്ല. ലണ്ടനിലെ ചൈനാസമൂഹത്തിനെതിരേ എം15 അപവാദവും ഭീഷണിയു ഉയർത്തുകയാണെന്നും എംബസി ആരോപിച്ചു. അതേസമയം, വെളിപ്പെടുത്തലിനു പിന്നാലെ കുറ്റക്കാർക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് എം.പി.മാർ രംഗത്തെത്തി.

ആരാണ് ക്രിസ്റ്റിൻ ലീ

ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിയമസ്ഥാപനത്തിന്റെ സ്ഥാപകയാണ് ക്രിസ്റ്റിൻ. ബർമിങ്ങാമിലും ഓഫീസുണ്ട്. ചൈനാ-ബ്രിട്ടൺ സഹകരണത്തിനുവേണ്ടി പ്രവർത്തിച്ചതിന് 2019-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന തെരേസ മേയ് അവരെ അഭിനന്ദിക്കുകയും പുരസ്കാരം നൽകുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ഡേവിഡ് കാമറൂണിനൊപ്പം ചിത്രമെടുത്തിട്ടുണ്ട്. ലേബർ പാർട്ടി എം.പി. ബാരി ഗാർഡിനെറിന് രണ്ടുകോടിയിലേറെ രൂപയും അദ്ദേഹത്തിന്റെ പാർട്ടിക്കും ലീ സംഭാവന നൽകിയിട്ടുണ്ട്.

ഹോങ് കോങ്ങിലും ചൈനയിലും പ്രവർത്തിക്കുന്ന വിദേശികളിൽനിന്ന് ബ്രിട്ടിഷ് പാർലമെന്റ് അംഗങ്ങൾക്ക് പണമെത്തിക്കാൻ ലീ സൗകര്യമൊരുക്കിയെന്നാണ് സ്പീക്കറുടെ കത്തിൽ പറയുന്നത്.