റിയാദ്: സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദർശകരുടെയും ക്വാറന്റീൻ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. സൗദിയിലെത്തിയാൽ അഞ്ച് ദിവസം ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയാകും. നേരത്തേ ഏഴു ദിവസമായിരുന്നു സൗദിയിൽ നിർബന്ധിത ക്വാറന്റീൻ. സെപ്റ്റംബർ 23 ഉച്ചയ്ക്ക് 12 മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിലാകും.

വാക്സിൻ സ്വീകരിക്കാത്തവരോ സൗദി അംഗീകരിച്ച കോവിഡ് വാക്സിൻ എടുത്തവരോ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണെങ്കിൽ ഇവർ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ. പരിശോധനയുടെ ഫലം കരുതണം. ഇവർ രണ്ടുതവണ കോവിഡ് പരിശോധനകൾക്ക് വിധേയരാകണം. ആദ്യത്തേത് സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും രണ്ടാമത്തെ പരിശോധന ക്വാറന്റീനിന്റെ അഞ്ചാം ദിവസവും നടത്തണം. അഞ്ചാം ദിവസം നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്ക് ക്വാറന്റീൻ അവസാനിപ്പിക്കാം.