യാങ്കൂൺ: മ്യാൻമാറിൽ സൈനികഭരണകൂടത്തിന്റെ തടവിൽ കഴിയുന്ന സമാധാന നൊബേൽ പുരസ്കാര ജേതാവ് ആങ് സാൻ സ്യൂചിയുടെ വിചാരണ അവരുടെ ആരോഗ്യനില മോശമായതിനെതുടർന്ന് മാറ്റി. വിചാരണയ്ക്കെത്തിയ സ്യൂചി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെതുടർന്ന് മടങ്ങുകയായിരുന്നുവെന്ന് അഭിഭാഷകൻ മിൻ മിൻ സോ പറഞ്ഞു.

രണ്ടുമാസത്തിനിടെ ആദ്യമായി കാറിൽ യാത്രചെയ്തതാകും സ്യൂചിയുെട ആരോഗ്യനില മോശമാക്കിയതെന്നും അവരുടെ സ്ഥിതിയിൽ ആശങ്കയുണ്ടെന്നും മിൻ പറഞ്ഞു.

കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കിടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന കുറ്റത്തിനാണ് സ്യൂചി വിചാരണ നേരിടുന്നത്. കൂടാതെ അഴിമതികേസുകളും സ്യൂചിക്കെതിരേ ചുമത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ സ്യൂചിയുടെ നേതൃത്വത്തിലുള്ള എൻ.എൽ.ഡി. വിജയം നേടിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു.