വാഷിങ്ടൺ: കോവിഡിന്റെ ഡെൽറ്റ വകഭേത്തിനെതിരേ നിലവിലുള്ള വാക്സിനുകൾ ഫലപ്രദമെന്ന് യു.എസ്. പഠനം. ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകളെക്കാൾ മൊഡേണയുടെ വാക്സിൻ ഡെൽറ്റയ്ക്കെതിരേ ഫലപ്രദമാണെന്ന് ഗവേഷകൻ ചൂണ്ടിക്കാട്ടുന്നു.

യു.എസിലെ ഒമ്പതുസംസ്ഥാനങ്ങളിൽ ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ റിപ്പോർട്ടുചെയ്ത കോവിഡ് കേസുകളെ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയത്. വാക്സിൻ സ്വീകരിക്കാത്തവർക്ക് വാക്സിൻ ലഭിച്ചവരെക്കാൾ രോഗം ഗുരുതരമാകാനും ആശുപത്രിയിൽ പ്രവേശിപ്പിക്കാനുമുള്ള സാധ്യത ഏഴുമടങ്ങ് കൂടുതലാണ്. 75 വയസ്സിനുമുകളിലുള്ളവരിൽ വാക്സിൻ ഫലപ്രാപ്തി കുറവാണെന്നും പഠനം കണ്ടെത്തുന്നു.

ഡെൽറ്റ കാരണമുണ്ടാകുന്ന ആശുപത്രിവാസവും മരണവും ഒഴിവാക്കാൻ വാക്സിനുകൾക്കാകുമെന്ന് പരീക്ഷണഫലങ്ങൾ സൂചിപ്പിക്കുന്നതായി ഗവേഷണത്തിന് നേതൃത്വം നൽകിയ ഇന്ത്യാന സർവകലാശാല പ്രൊഫസർ ഷോൺ ഗ്രാന്നിസ് പറഞ്ഞു. രോഗം ഗുരുതരമാകുന്നതു തടയാൻ വാക്സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.