കാബൂൾ: അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ വിദേശ വാണിജ്യവിമാനം തിങ്കളാഴ്ച കാബൂൾ വിമാനത്താവളത്തിലെത്തി. ഇസ്‌ലാമാബാദിൽ നിന്നുള്ള പാകിസ്താൻ അന്താരാഷ്ട്ര വിമാന കമ്പനിയുടെ (പി.ഐ.എ.) വിമാനം തിങ്കളാഴ്ച രാവിലെ 6.45-നാണ് എത്തിയത്.

വിമാനത്തിൽ വിദേശ മാധ്യമപ്രവർത്തകർ കാബൂളിലെത്തിയതായും മടക്കയാത്രയിൽ ലോകബാങ്ക് ജീവനക്കാർ ഇസ്‌ലാമബാദിലേക്കു പോയതായും പി.ഐ.എ. വക്താവ് വ്യക്തമാക്കി.

താലിബാൻ അധികാരം ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്തുനിന്ന് രക്ഷപ്പെടാനുണ്ടായ തിക്കിലും തിരക്കിലും ഐ.എസ്. നടത്തിയ ചാവേറാക്രമണത്തിലും കാബൂൾ വിമാനത്താവളത്തിന് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഖത്തറും തുർക്കിയും നൽകിയ സാങ്കേതികസഹായത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിച്ചത്.

147 കോടി സഹായധനം പ്രഖ്യാപിച്ച് യു.എൻ.

യുണൈറ്റഡ് നേഷൻസ്: അഫ്ഗാനിസ്താനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 147 കോടി രൂപ (രണ്ടു കോടി യു.എസ്. ഡോളർ) സഹായം നൽകുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്. പതിറ്റാണ്ടുകളോളം നീണ്ട യുദ്ധങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കും ശേഷം ഏറ്റവും അപകടകരമായ നിമിഷത്തെയാണ് അഫ്ഗാൻ ജനത നേരിടുന്നത്. അന്താരാഷ്ട്രസമൂഹം അവരോടൊപ്പം നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

യു.എന്നിന്റെ പ്രതിരോധ പ്രതികരണ ഫണ്ടിൽ നിന്നാകും പണം അനുവദിക്കുക. ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഈ വർഷം 4459 കോടി രൂപ (60.6 കോടി യു.എസ്. ഡോളർ) അഫ്ഗാൻ ജനതയ്ക്കുവേണ്ടി സമാഹരിക്കണമെന്ന് മറ്റു രാജ്യങ്ങളോട് ഗുട്ടെറസ് ആവശ്യപ്പെട്ടു.