സോൾ: പുതുതായി വികസിപ്പിച്ച ദീർഘദൂര ക്രൂയിസ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ. യു.എസുമായുള്ള ആണവചർച്ചകൾ പരാജയപ്പെട്ട് മാസങ്ങൾക്കുശേഷമാണിത്.

ശനി, ഞായർ ദിവസങ്ങളിലായിരുന്നു പരീക്ഷണം. മിസൈലുകൾ 1500 കിലോമീറ്റർ ദൂരത്തിലുള്ള ലക്ഷ്യസ്ഥാനത്തെത്തിയതായി സർക്കാർ ഉടമസ്ഥതയിലുള്ള കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരീക്ഷണത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു. ‘വലിയ പ്രാധാന്യമുള്ള തന്ത്രപരമായ ആയുധമെന്നാണ്’ മിസൈലുകളെ ഉത്തരകൊറിയ വിശേഷിപ്പിച്ചത്. സൈനികശക്തി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടിയെന്നും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചിട്ടില്ലെന്നും രാജ്യം വ്യക്തമാക്കി.

അന്താരാഷ്ട്രസമൂഹത്തിന് വെല്ലുവിളിയാണ് പരീക്ഷണമെന്ന് യു.എസ്. സൈന്യം പ്രതികരിച്ചു. ആശങ്കയുളവാക്കുന്നതാണെന്ന് അയൽരാജ്യമായ ജപ്പാനും വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തിൽ ഒരുവർഷത്തോളം നിർത്തിവെച്ചിരുന്ന മിൈസൽ പരീക്ഷണങ്ങൾ മാർച്ചിലാണ് ഉത്തരകൊറിയ പുനരാരംഭിച്ചത്. ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ കഴിഞ്ഞ ജനുവരിയിൽ നടന്ന സമ്മേളനത്തിനിടെ രാജ്യത്തിന്റെ ആണവപ്രതിരോധം കൂടുതൽ ശക്തമാക്കുമെന്നും മിസൈലുകളുടെ പരീക്ഷണം തുടരെ തുടരെ നടത്തുമെന്നും കിം ജോങ് ഉൻ പറഞ്ഞിരുന്നു.