ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻരൂപയുടെ മൂല്യമിടിഞ്ഞതോടെ ഗൾഫിൽനിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ തിരക്കേറി. ഒരുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് കഴിഞ്ഞദിവസങ്ങളിൽ പ്രവാസികൾക്ക് ലഭിച്ചത്. അടുത്തദിവസങ്ങളിലും ഇതേനിരക്ക് തുടരുമെന്നാണ് വിവരം. അന്താരാഷ്ട്രവിപണിയിൽ ഇന്ധനവില ഉയർന്നതാണ് രൂപയ്ക്ക് തിരിച്ചടിയായതെന്ന് ധനകാര്യരംഗത്തുള്ളവർ പറയുന്നു. അമേരിക്കൻ ബോണ്ടുകൾ നില മെച്ചപ്പെടുത്തിയതും ഡോളർ ശക്തിപ്രാപിച്ചതുമെല്ലാം രൂപയ്ക്ക് തിരിച്ചടിയായി.

യു.എ.ഇ. ദിർഹത്തിന് 20.51 രൂപയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ബുധനാഴ്ച അമേരിക്കൻ ഡോളറിന് 75.33 എന്ന നിലയിലാണ് ഇന്ത്യൻ രൂപയുടെ വിനിമയം. അതുകൊണ്ടുതന്നെ ഗൾഫ് കറൻസികൾക്കെല്ലാം ഇന്ത്യൻ രൂപയിലേക്ക് നല്ല വിനിമയനിരക്ക് ലഭിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം വിനിമയനിരക്കിൽ വലിയ മാറ്റമാണ് പ്രകടമായത്. സൗദി റിയാലിന് 20.08 രൂപയും ഒമാൻ റിയാലിന് 195.91 രൂപയുമാണ് നിലവിലെ നിരക്ക്. ബഹ്‌റൈൻ ദിനാറിന് 200.34 രൂപയും കുവൈത്ത് ദിനാറിന് 249.56 രൂപയും ഖത്തർ റിയാലിന് 20.69 രൂപയുമാണ് ബുധനാഴ്ചയിലെ നിരക്ക്.