ജറുസലേം: 1500 കൊല്ലങ്ങൾക്കുമുമ്പ് ബൈസന്റൈൻ സാമ്രാജ്യത്തിലും (കിഴക്കൻ റോമാ സാമ്രാജ്യം) വമ്പൻ വീഞ്ഞുശാലകളുണ്ടായിരുന്നു. കാലമേറെക്കഴിഞ്ഞപ്പോൾ മണ്ണിനടിയിൽ അകപ്പെട്ടുപോയ വീഞ്ഞുശാല ഇസ്രയേലിൽ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞരിപ്പോൾ. അന്നും വ്യാവസായിക അടിസ്ഥാനത്തിൽ വീഞ്ഞുണ്ടാക്കിയതിന് തെളിവാണിത്. യാവ്‌നെ നഗരത്തിൽ കണ്ടെത്തിയ സമുച്ചയത്തിൽ പ്രതിവർഷം 20 ലക്ഷം ലിറ്റർ വീഞ്ഞുണ്ടാക്കിയിരുന്നുവെന്നാണ് അനുമാനം. ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അക്കാലത്തെ ഏറ്റവും വലുപ്പമുള്ള വീഞ്ഞുശാലയാണിത്.

അഞ്ച് വീഞ്ഞുനിർമാണ ഉപകരണങ്ങൾ, നാലു പാണ്ടികശാലകൾ, വീഞ്ഞ് ശേഖരിക്കാനുള്ള പതിനായിരക്കണക്കിന് വലിയ മൺകുടങ്ങൾ തുടങ്ങിയവയും കണ്ടെടുത്തു. രണ്ടുകൊല്ലം നീണ്ട ഖനനത്തിനൊടുവിലാണ് ശാല കണ്ടെത്തിയത്. 200 കൊല്ലത്തോളം ഇത് പ്രവർത്തിച്ചിരുന്നെന്നു കരുതുന്നു.

ഗാസ, ആഷ്കലോൺ തുറമുഖങ്ങളിലൂടെ കയറ്റുമതി ചെയ്തിരുന്നതിനാൽ ഗാസ ആൻഡ് ആഷ്കലോൺ വൈൻ എന്നാണ് ഇവ അറിയപ്പെട്ടിരുന്നതെന്ന് ഗവേഷകൻ ജോൻ സെലിഗ്‌മാൻ പറഞ്ഞു. നേരത്തേ 2300 കൊല്ലം പഴക്കമുള്ള പേർഷ്യൻ കാലഘട്ടത്തിലെ വീഞ്ഞുത്പാദന ഉപകരണം മേഖലയിൽ കണ്ടെത്തിയിരുന്നു. ബൈബിൾ കാലഘട്ടത്തിൽ ജൂതന്മാരുെട വാസസ്ഥലമായിരുന്നു യാമ്‌ന.