ബെയ്ജിങ്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാചൽപ്രദേശ് സന്ദർശിച്ചതിനെതിരേ ചൈന. അരുണാചൽപ്രദേശിനെ ഇന്ത്യയുടെ ഭാഗമായി ചൈന അംഗീകരിച്ചിട്ടില്ലെന്നും നായിഡുവിന്റെ സന്ദർശനത്തെ ശക്തമായി എതിർക്കുന്നതായും ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച അരുണാചലിലെത്തിയ നായിഡു സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്തിരിരുന്നു.

ചൈനയുടെ ഉത്കണ്ഠ ഇന്ത്യ കണക്കിലെടുക്കണമെന്നും പരസ്പര വിശ്വാസത്തെയും ഉഭയകക്ഷി ബന്ധത്തെയും ദുർബലപ്പെടുത്തുന്ന നിലപാടുകളിൽനിന്ന്‌ വിട്ടുനിൽക്കണമെന്നും ലിജിയാൻ പറഞ്ഞു. നേരത്തേയും ഇന്ത്യൻ നേതാക്കളുടെ അരുണാചൽ സന്ദർശങ്ങൾക്കെതിരേ പ്രതിഷേധവുമായി ചൈന രംഗത്തെത്തിയിരുന്നു. എന്നാൽ, ഇന്ത്യയുടെ പ്രദേശത്ത് നേതാക്കളുടെ സന്ദർശനം തുടരുമെന്നാണ് ഇന്ത്യ മറുപടിയിൽ വ്യക്തമാക്കിയത്.

അതിർത്തിയിലെ അവശേഷിക്കുന്ന പ്രശ്നം പരിഹരിക്കാൻ ഞായറാഴ്ച ഇന്ത്യയും ചൈനയും നടത്തിയ കോർ കമാൻഡർ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ലിജിയാന്റെ പ്രതികരണം. ഇന്ത്യ മുന്നോട്ടുവെച്ച ക്രിയാത്മക നിർദേശങ്ങളൊന്നും അംഗീകരിക്കാൻ ചൈന തയ്യാറായില്ലെന്നും പ്രശ്നപരിഹാരത്തിനുള്ള ധാരണകളിൽ എത്താനായില്ലെന്നും കരസേന അറിയിച്ചു.