വാഷിങ്ടൺ: കോവിഡ് വ്യാപനത്തിനിടെ ലോകകടം 226 ലക്ഷം കോടി ഡോളറായി ഉയർന്നുവെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.). 2021-ൽ ഇന്ത്യയുടെ കടം 90.6 ശതമാനമായി ഉയരുമെന്നും ഐ.എം.എഫ്. മുന്നറിയിപ്പ് നൽകി. 2020-ലെ ആകെ കടത്തിന്റെ 90 ശതമാനവും ചൈനയുടെയും വികസിതരാജ്യങ്ങളുടെയും സംഭാവനയാണെന്ന് ഐ.എം.എഫിന്റെ സാമ്പത്തിക നിരീക്ഷണ റിപ്പോർട്ട് വിലയിരുത്തുന്നു. ഏഴു ശതമാനത്തോളം വികസ്വര, ദരിദ്ര രാജ്യങ്ങളുടേതും. 2019-ൽ 27 ലക്ഷം കോടി ഡോളറിന്റെ കടമാണുണ്ടായിരുന്നത്. കോവിഡ് വ്യാപനവും അതിനോടുള്ള പ്രതികരണ നയത്തിലെ അപാകതയും പൊതുകടത്തെ റെക്കോഡ് വർധനയിലെത്തിച്ചു. സാമ്പത്തിക അസ്ഥിരതയ്ക്കും പൊതുമേഖലയിലെ സമ്പത്ത് ക്ഷയിക്കുന്നതിനും കടം പെരുകുന്നത് കാരണമാകുമെന്ന് ഐ.എം.എഫ്. ധനകാര്യ വകുപ്പ് ഡയറക്ടർ വിറ്റർ ഗാസ്പർ പറഞ്ഞു.

2016-ൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 68.9 ശതമാനമായിരുന്നു കടമെങ്കിൽ 2020 ആയപ്പോഴേക്കും അത് 89.6 ശതമാനത്തിലെത്തി. 2021-ൽ അത് 90.6 ശതമാനമായി വർധിക്കും. എന്നാൽ 2022-ൽ 88.8 ശതമാനത്തിലേക്കും 2026-ൽ 85.2 ശതമാനത്തിലേക്കും കുറയുമെന്നും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.

2021-ൽ കോവിഡ് ഏഴരക്കോടിയോളം പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു.