ഷാർജ: നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നവംബർ മൂന്നുമുതൽ 13 വരെ ഷാർജ അൽ താവൂനിലെ എക്സ്‌പോ സെന്റർ വേദിയാകും. ‘എന്നും എവിടെയും കൃത്യമായ പുസ്തകമുണ്ട്’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പുസ്തകമേള. സ്പെയിനാണ് ഈ വർഷത്തെ അതിഥിരാജ്യം. 81 രാജ്യങ്ങളിൽനിന്ന് 1559 പ്രസാധകർ മേളയുടെ ഭാഗമാകും. മലയാളം ഉൾപ്പെടെ ഇന്ത്യൻ ഭാഷകളിൽനിന്ന് 83 പ്രസാധകർ എത്തും.

സാഹിത്യത്തിനുള്ള ഇത്തവണത്തെ നൊബേൽ ജേതാവ് ടാൻസാനിയൻ എഴുത്തുകാരൻ അബ്ദുൽ റസാഖ് ഗുർനയാണ് മുഖ്യാതിഥി. ഇന്ത്യയിൽനിന്ന് അമിതാവ് ഘോഷ്, ചേതൻ ഭഗത്, ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യയിൽനിന്നുള്ളവരുടെ കൂടുതൽ പേരുകൾ അടുത്തദിവസങ്ങളിൽ പ്രഖ്യാപിക്കും.