നയ്‌പിഡോ: മ്യാൻമാറിലെ സാഗയിങ് പ്രവിശ്യയിൽ ജനാധിപത്യാനുകൂല പ്രക്ഷോഭകർ രൂപംനൽകിയ പീപ്പിൾസ് ഡിഫൻസ് ഫോഴ്സ്(പി.ഡി.എഫ്.) കുഴിബോംബ് ആക്രമത്തിൽ 30 സൈനികരെ വധിച്ചു. പ്രവിശ്യയിലെ പേൾ പട്ടണത്തിൽ ജനാധിപത്യാനുകൂല പ്രതിഷേധകർക്കെതിരായ ദൗത്യത്തിലേർപ്പെട്ടിരുന്ന കമാൻഡർമാരുൾപ്പെടെയുള്ളവരാണ് മരിച്ചത്.

ഫെബ്രുവരി ഒന്നിന് സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം ഒരു വർഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ജനാധിപത്യാനുകൂലികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇവർക്കുനേരെ സൈന്യം വലിയതോതിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാർ സായുധസേനയ്ക്ക് രൂപം നൽകിയത്.

1,167 പ്രതിഷേധക്കാരാണ് സൈനിക നടപടിയിൽ കൊല്ലപ്പെട്ടത്. 7,219 പേരെ അറസ്റ്റുചെയ്തു. മ്യാൻമാർ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞമാസം മാത്രം 132 സംഘർഷങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബറിൽ സൈനിക ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള 120 മൊബൈൽ ടവറുകൾ പി.‍ഡി.എഫ്. തകർത്തിരുന്നു.