ഫ്ലോറിഡ: ലോകത്തെ ഏറ്റവും ഉപദ്രവകാരികളായ കടന്നുകയറ്റക്കാരൻ ആഫ്രിക്കൻ ഒച്ചുകളെ സംസ്ഥാനത്തുനിന്ന്‌ തുരത്തിയതായി ഫ്ലോറിഡ. പത്തുവർഷത്തെ പരിശ്രമവും 181 കോടി രൂപയും (2.4 കോടി യു.എസ്. ഡോളർ) ഇതിനുവേണ്ടിവന്നു. 1.68 ലക്ഷം ഒച്ചുകളെയാണ് കൊന്നൊടുക്കിയത്. മണ്ണിനടിയിൽ 20 സെന്റീമീറ്റർ താഴ്ചയിൽ ഒളിച്ചിരിക്കുന്ന ഇവയെ കണ്ടെത്താൻ കാസി, മെല്ലൻ എന്നീ പേരുകളുള്ള രണ്ടു ലാബ്രഡോർ നായകളെയും അധികൃതർ ഉപയോഗിച്ചു.

ആഫ്രിക്കൻ ഒച്ചുകളെ വേരോടെ പിഴുതെറിഞ്ഞ ഭൂമിയിലെ ഏകസ്ഥലമായി സംസ്ഥാനം മാറിയതായി ഫ്ലോറിഡ ഉപഭോക്തൃ സേവന-കൃഷി വകുപ്പ് ഡയറക്ടർ ട്രെവർ സ്മിത്ത് പറഞ്ഞു. രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനാർഹമായ ദിവസമാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

രണ്ടാംതവണയാണ് സംസ്ഥാനം ഒച്ചുകളെ പൂർണമായും നശിപ്പിക്കുന്നത്. 1966-ലാണ് ഫ്ലോറിഡയിലേക്ക്‌ ആഫ്രിക്കൻ ഒച്ചുകളെത്തുന്നത്. 1975-ഓടെ ഇവയെ തുരത്തി. എന്നാൽ, 2011-ഓടെ വീണ്ടുമെത്തി.

ആഫ്രിക്കൻ ഒച്ച്

20 സെന്റീമീറ്റർവരെ നീളം വളരുന്നവയാണ് ആഫ്രിക്കൻ ഒച്ചുകൾ. മണ്ണിൽനിന്ന്‌ മതിയായ കാത്സ്യം ലഭിക്കാതെ വരുമ്പോൾ ഇവ വീടുകളിലെ കുമ്മായം തിന്നുതീർക്കാൻ ആരംഭിക്കും. പഴങ്ങളും പച്ചക്കറികളും തിന്നുതീർക്കുന്നതിലൂടെ കാർഷികമേഖലയ്ക്കും വൻ വെല്ലുവിളിയാണ് ഇവ ഉയർത്തുന്നത്. ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും മെനിഞ്ചൈറ്റിസ് രോഗത്തിനും ഇവ കാരണമാകുന്നുണ്ട്.