സാവോ പൗലോ: ബ്രസീലിലെ സാവോ പൗലോ സംസ്ഥാനത്ത് കോവിഡ് ചട്ടങ്ങൾ മറികടന്ന് ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചതിന് പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്ക് 100 ഡോളർ (എകദേശം 7323 രൂപ) പിഴചുമത്തി. പരിപാടിയിൽ പങ്കെടുത്ത മകൻ എഡ്വേർഡോയ്ക്കും മന്ത്രി ടാർസിസിയോ ഗോമസിനും സംസ്ഥാനസർക്കാർ പിഴ ചുമത്തിയിട്ടുണ്ട്. അടുത്തകൊല്ലം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണങ്ങൾ നടക്കുകയാണ്. അതിന്റെ ഭാഗമായാണ് സാവോ പൗലോയിലും റാലി സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായതിനാൽ റാലികൾ നടത്തരുതെന്ന് സാവോ പൗലോ ഗവർണർ ജോവ ഡോറിയ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടെന്ന നിലപാടാണ് ബൊൽസൊനാരോയ്ക്ക്. മാസ്ക് ധരിക്കാതെ പരിപാടിയിൽ പങ്കെുത്ത എല്ലാവർക്കും പിഴചുമത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ച് ഇതുവരെ ബ്രസീലിൽ 4,85,000 പേരാണ് മരിച്ചത്.