വാഷിങ്ടൺ: യു.എസിൽ അർബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്നുപതിറ്റാണ്ടായി കുറഞ്ഞുവരുകയാണെന്ന് റിപ്പോർട്ട്. നേരത്തേ രോഗം കണ്ടെത്താനാവുന്നതും ഗുണമേന്മയുള്ള ചികിത്സ ലഭിക്കുന്നതുമാണ് മരണം കുറയാൻ കാരണമായി കരുതുന്നത്. പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞതും അനുഗ്രഹമായി. 1991-ലാണ് രാജ്യത്ത് ഏറ്റവുമധികം അർബുദമരണം റിപ്പോർട്ട് ചെയ്തത്. 2019 ആയപ്പോഴേക്കും മരണത്തിൽ 32 ശതമാനം കുറവുണ്ടായെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. അതായത്, 35 ലക്ഷം പേരുടെ മരണം തടയാനായി. 2022-ൽ 19 ലക്ഷം പേർക്കാണ് പുതുതായി അർബുദം സ്ഥിരീകരിച്ചത്. 6.1 ലക്ഷം പേർ മരിച്ചു. ദിവസേന ശരാശരി 1670 പേരാണ് മരിക്കുന്നത്.