ലഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ സഹായികളായ രണ്ടുപേരെ ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകിയ കേസിൽ ബുധനാഴ്ച പാക് കോടതി പതിനഞ്ചരവർഷത്തെ തടവിന് ശിക്ഷിച്ചു. യാഹ്യാ മുജാഹിദ്, പ്രൊഫ. സഫർ ഇക്ബാൽ എന്നിവർക്കാണ് ജഡ്ജി അർഷാദ് ഹുസൈൻ ഭൂട്ട ശിക്ഷവിധിച്ചത്.
സമാനമായ കേസുകളിലായി മുജാഹിദിന് നേരത്തേ 47 വർഷവും ഇക്ബാലിന് 26 വർഷവും തടവുശിക്ഷ ലഭിച്ചിരുന്നു. ലഹോറിലെ ഭീകരവിരുദ്ധ കോടതി ചൊവ്വാഴ്ച സയീദിന്റെ സഹോദരൻ അബ്ദുൾ റഹ്മാൻ മക്കിക്കും ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ആറുമാസത്തെ തടവ് വിധിക്കുകയുണ്ടായി.
ഭീകരപ്രവർത്തനത്തിന് പണമെത്തുന്നത് തടയാൻ പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.) 2018-ൽ പാകിസ്താനെ ഗ്രേ പട്ടികയിൽ പെടുത്തിയിരുന്നു. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പദ്ധതി തയ്യാറാക്കാനും എഫ്.എ.ടി.എഫ്. പാകിസ്താനോട് ആവശ്യപ്പെട്ടു. ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് രാജ്യാന്തര നാണയനിധി, ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് എന്നിവയിൽനിന്ന് ധനസഹായം ലഭിക്കുന്നത് ബുദ്ധിമുട്ടുണ്ടാകും. ഇതേത്തുടർന്നാണ് പാകിസ്താൻ ഭീകരർക്കെതിരേ നടപടിയെടുക്കാൻ നിർബന്ധിതരായത്.