ദുബായ്: യു.എ.ഇ. താമസവിസയുള്ള ഇന്ത്യക്കാർക്ക് മടങ്ങിവരാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ.), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) എന്നിവയുടെ അനുമതി ആവശ്യമാണെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ്. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ ഇക്കാര്യമറിയിച്ചത്. കൂടാതെ പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ കോവിഡ് പി.സി.ആർ. പരിശോധനയിൽ ഫലം നെഗറ്റീവായിരിക്കണം. ഹെൽത്ത് ക്വാറന്റീൻ ഡിക്ലറേഷനുകൾ പൂരിപ്പിച്ച് നൽകുകയും വേണം.

ബുധനാഴ്ച ഫ്ളൈ ദുബായ് വിമാനക്കമ്പനിയും ഇന്ത്യയിൽനിന്നുള്ള മടക്കയാത്രയ്ക്ക് ഐ.സി.എ. അനുമതി നിർബന്ധമാണെന്ന് സമാന സർക്കുലർ പുറത്തുവിട്ടിരുന്നു. ഐ.സി.എ. അനുമതിവേണ്ടെന്ന സർക്കുലർ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമാനക്കമ്പനികൾ വിശദീകരണവുമായി രംഗത്തെത്തിയത്. എന്നാൽ, ഇതുസംബന്ധിച്ച് ഐ.സി.എ., ജി.ഡി.ആർ.എഫ്.എ. അധികൃതർ പ്രതികരിച്ചിട്ടില്ല.