വാഷിങ്‌ടൺ: എച്ച്-1ബി, എൽ-1 വിസയുള്ളവർക്ക് നിബന്ധനകളോടെ യാത്രാഇളവുകൾ പ്രഖ്യാപിച്ച് യു.എസിലെ ട്രംപ് ഭരണകൂടം. മുമ്പുണ്ടായിരുന്ന ജോലികളിൽ പ്രവേശിക്കാൻ ഇവർക്ക് യു.എസിൽ തിരിച്ചെത്താം. ഇന്ത്യയിലെ ഐ.ടി. പ്രൊഫഷണലുകൾക്ക് ഏറെ ആശ്വാസംനൽകാൻ പോന്നതാണ് യു.എസിന്റെ ഈ പ്രഖ്യാപനം.

ജൂൺ 22-നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തൊഴിൽ വിസയുള്ളവർക്ക് യു.എസിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. ‘കോവിഡ്-19’ മഹാമാരിയിൽ ലക്ഷക്കണക്കിന് അമേരിക്കക്കാർ തൊഴിൽരഹിതരായതിനെത്തുടർന്നായിരുന്നു ഇത്. വിദേശരാജ്യങ്ങളിൽനിന്നെത്തുന്നവർ അമേരിക്കക്കാരുടെ തൊഴിൽ അപഹരിക്കാൻ ഇനിയും അനുവദിക്കില്ലെന്നായിരുന്നു ട്രംപ് അന്ന് ഉത്തരവിൽപറഞ്ഞത്. ഇളവുകൾ പ്രഖ്യാപിച്ചതോടെ എച്ച്-1ബി, എൽ-1, വിസ കൈവശമുള്ളവരുടെ കുടുംബാംഗങ്ങൾക്കും ഇനി യു.എസിലേക്ക് യാത്രചെയ്യാം. ചില വിഭാഗം ജെ-1 വിസക്കാർക്കും ഇളവ് ബാധകമാണ്.

പ്രത്യേക സാങ്കേതികവൈദഗ്ധ്യംവേണ്ട ജോലിക്ക് വിദേശത്തുനിന്ന് വിദഗ്ധതൊഴിലാളികളെ യു.എസിലെ കമ്പനികൾ കൊണ്ടുവരുന്നത് എച്ച്-1 ബി വിസ ഉപയോഗിച്ചാണ്. ഇന്ത്യ, ചൈന എന്നിവിടങ്ങളിൽനിന്ന് ഈകമ്പനികൾ വർഷാവർഷം പതിനായിരക്കണക്കിന് ഐ.ടി. ഉദ്യോഗസ്ഥരെയാണ് ഇങ്ങനെ കൊണ്ടുവരുന്നത്. ദേശീയ താത്പര്യം പരിഗണിച്ചാണ് പുതിയ ഇളവുകൾ കൊണ്ടുവരുന്നതെന്നും ബുധനാഴ്ചത്തെ ഉത്തരവിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയിൽ നിലവിലുണ്ടായിരുന്ന ജോലികളിൽ അതേ തസ്തികയിൽ അതേ തൊഴിലുടമയ്ക്കുകീഴിൽ തുടരാൻ എച്ച്-1ബി, എൽ-1 വിസക്കാരെ അനുവദിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. മടങ്ങിവരുന്നവർ മഹാമാരിയിൽ പ്രതിസന്ധിയിലായ യു.എസിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കുന്നവരായിരിക്കണമെന്നും പറയുന്നുണ്ട്. കോവിഡ് വ്യാപനം തടയൽ, മെഡിക്കൽ ഗവേഷണം, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പഠനങ്ങൾ എന്നിവയിൽ ഏർപ്പെട്ടവർക്കും ഇളവ് ബാധകമാണ്.

ട്രംപ് ഭരണകൂടത്തിന്റെ ജൂൺ 22-ലെ യാത്രാവിലക്ക് പ്രഖ്യാപനത്തിനുനേരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. വിലക്കിൽനിന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ ഒഴിവാക്കണമെന്ന് ഒട്ടേറെ ജനപ്രതിനിധികൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.