ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്കായി കോവിഡ് നടപടിക്രമങ്ങള്‍ പരിഷ്കരിച്ചു. ഇനിമുതല്‍ യാത്രാതീയതിക്ക് 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് പി.സി.ആര്‍. പരിശോധനാഫലം യാത്രക്കാര്‍ കൈവശം വെക്കണം. ഷാര്‍ജ ദുരന്ത നിവാരണ മാനേജ്‌മെന്റ് ടീം ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ 96 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് പരിശോധനാഫലമായിരുന്നു കൈവശം വെക്കേണ്ടിയിരുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ പരിഷ്കരിച്ച നടപടിക്രമം പ്രാബല്യത്തില്‍വരും. ഷാര്‍ജ വിമാനത്താവളത്തില്‍ എത്തിച്ചേരുമ്പോള്‍ യാത്രക്കാരുടെ കൈവശം പി.സി.ആര്‍. പരിശോധനാഫലം നിര്‍ബന്ധമായും ഉണ്ടായിരിക്കണം.