ദുബായ്: ഇറാനിലെ ഭൂഗർഭ ആണവകേന്ദ്രമായ നടാൻസിനുനേരെയുണ്ടായ ആക്രമണത്തിനുപിന്നാലെ, 60 ശതമാനം പരിശുദ്ധിയിൽ യുറേനിയം സമ്പുഷ്ടീകരിക്കുമെന്ന് ഇറാന്റെ പ്രഖ്യാപനം.

നേരത്തേ ഇത് 20 ശതമാനമായിരുന്നു. ഇതാദ്യമായാണ് ഇത്രയും ഉയർന്ന പരിശുദ്ധിയിൽ സമ്പുഷ്ടയുറേനിയം ശേഖരിക്കുമെന്ന് ഇറാൻ പ്രഖ്യാപിക്കുന്നത്. അന്താരാഷ്ട്ര അണുശക്തി ഏജൻസി ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഞായറാഴ്ചയാണ് നടാൻസ് യുറേനിയം സമ്പുഷ്ടീകരണകേന്ദ്രത്തിൽ അപ്രതീക്ഷിതമായി വൈദ്യുതിനിലച്ചത്. ഇസ്രയേൽ രഹസ്യാന്വേഷണവിഭാഗമായ മൊസാദ് സൈബർ ആക്രമണം നടത്തിയതാണ് വൈദ്യുതിനിലയ്ക്കാൻ കാരണമെന്ന് ഇസ്രയേലി റേഡിയോ റിപ്പോർട്ടുചെയ്തിട്ടുമുണ്ട്. പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോകശക്തികളുമായി ആണവവിഷയത്തിലുണ്ടാക്കിയ ധാരണ തങ്ങൾക്ക് തെറ്റിക്കേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പുനൽകിയിട്ടുണ്ട്.