മോസ്കോ: റഷ്യയിലെ സെയ്‌ന്റ് പീറ്റേഴ്‌സ്ബർഗ് നഗരത്തിലുള്ള ചരിത്രപ്രധാന വ്യവസായകേന്ദ്രത്തിൽ തിങ്കളാഴ്ച വൻതീപ്പിടിത്തമുണ്ടായി. 19-ാം നൂറ്റാണ്ടിൽ നേവ നദിക്കരയിൽ ചുവന്ന ഇഷ്ടികയിൽ പണികഴിപ്പിച്ച നേവ്‌സ്‌കയ മാനുഫാക്ടുറ കെട്ടിടത്തിനാണ് തീപിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു അഗ്നിരക്ഷാസേന പ്രവർത്തകൻ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 40 പേരെ ഇതിനകം രക്ഷപ്പെടുത്തുകയും ചെയ്തു.

അടുത്തുള്ള ഹോട്ടലിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ കെട്ടിടത്തിന്റെ പല നിലകളിൽനിന്നും തീയുയർന്നു. അടുത്തുള്ള മരങ്ങളിലേക്കും തീപടർന്നു. തീയണയ്ക്കാൻ 350-ഓളം അഗ്നിരക്ഷാപ്രവർത്തകരാണെത്തിയത്. കെട്ടിടത്തിന്റെ പതിനായിരം ചതുരശ്ര മീറ്ററോളം തീ വീഴുങ്ങി. മേൽക്കൂര ഭൂരിഭാഗവും തകർന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും പൈതൃകനഗരവുമായ സെയ്‌ന്റ് പീറ്റേഴ്സ് ബെർഗിൽ ബ്രിട്ടീഷുകാരനായ ജെയിംസ് ജോർജ് തോൺടണും മക്കളുമാണ് തോൺടൺ വൂളൻ കമ്പനി എന്നപേരിൽ വ്യവസായകേന്ദ്രം പണിതത്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ റഷ്യയിലെ ഏറ്റവും വലിയ തുണിവ്യവസായ കേന്ദ്രങ്ങളിലൊന്നായി ഇത് മാറി. നിലവിൽ കെട്ടിടത്തിന്റെ ഏതാനും ഭാഗങ്ങളിൽ മാത്രമാണ് തുണിവ്യവസായമുള്ളത്.