വാഷിങ്ടൺ: മുംബൈ ഭീകരാക്രമണക്കേസ് പ്രതിയും പാക് വംശജനുമായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ കൈമാറണമെന്ന ഇന്ത്യയുടെ അഭ്യർഥനയ്ക്ക് ബൈഡൻ ഭരണകൂടത്തിന്റെ പിന്തുണ. തിങ്കളാഴ്ച റാണയെ കൈമാറണമെന്ന ഹർജി ലോസ് ഏഞ്ചൽസിലെ കോടതി പരിഗണിക്കവെ ജഡ്ജി ജാക്വലിൻ ചൂൾജിയാൻ മുമ്പാകെ സർക്കാർ അതിന് തയ്യാറാണെന്ന് യു.എസ് അറ്റോർണി അറിയിച്ചു. യു.എസ്. ജയിലിലുള്ള റാണയെ കൈമാറാനുള്ള വാദം ജൂൺ 24-ന് കേൾക്കും. ഇന്ത്യ-യുഎസ്. കൈമാറ്റ ഉടമ്പടിപ്രകാരം റാണയെ കൈമാറുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന് യു.എസ്. സർക്കാർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. കഴിഞ്ഞ ജൂൺ 10-നാണ് ലോസ് ഏഞ്ചൽസിൽ റാണ അറസ്റ്റിലാകുന്നത്. ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ട 2008-ലെ മുംബൈ സ്ഫോടനത്തിൽ റാണയ്ക്ക് പങ്കുണ്ടെന്ന് ഇന്ത്യ അറിയിച്ചതിനെത്തുടർന്ന് കൈമാറ്റനടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഗൂഢാലോചനയിൽ പങ്കാളിയായ മറ്റൊരു പാക് വംശജൻ ഡേവിഡ് ഹെഡ്‌ലി യു.എസിൽ 35 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. ഇയാൾ ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയിൽ അംഗമാണ്.