യുണൈറ്റഡ് നേഷൻസ്: അന്താരാഷ്ട്രതലത്തിൽ 78 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തുകഴിഞ്ഞെങ്കിലും കോവിഡ് നിർമാർജനം ഇപ്പോഴും ഏറെയകലെയാണെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ്. കൂടുതൽ വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കാനായാൽ കോവിഡിനെ മാസങ്ങൾക്കുള്ളിൽ നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജനീവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിൻ വിതരണം കോവിഡിനെ നിയന്ത്രിക്കുന്നതിനുള്ള ആയുധമാണെങ്കിലും സാമൂഹിക അകലം, മാസ്ക്, വ്യക്തിശുചിത്വം എന്നിവ പ്രധാനമാണ്. നിലവിൽ കോവിഡ് വാക്സിന്റെ ആഗോള ഉത്പാദനം എല്ലാരാജ്യങ്ങൾക്കും ലഭിക്കാൻ തക്കവണ്ണം പര്യാപ്തമല്ലെന്ന് സംഘടനയിലെ ഉന്നത ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

2019 ഡിസംബറിൽ മധ്യ ചൈനയിലെ വുഹാൻ നഗരത്തിൽനിന്നു പടർന്ന കോവിഡ് ബാധിച്ച് ഇതുവരെ 29.6 ലക്ഷം പേർ മരിച്ചു. 13.7 കോടിയിലേറെപ്പേരെ രോഗം ബാധിക്കുകയും ചെയ്തു.