ലോസ് ഏഞ്ചൽസ്: അമേരിക്കൻ നടനും നിർമാതാവും സംവിധായകനുമായ നോർമാൻ ലോയ്ഡ് (106) ചൊവ്വാഴ്ച അന്തരിച്ചു. ആൽഫ്രഡ് ഹിച്ച്കോക്ക്, ചാർലി ചാപ്ലിൻ, ഓർസൺ വെല്ലസ് തുടങ്ങി മഹാരഥൻമാരോടെപ്പം പ്രവർത്തിച്ച ലോയ്ഡ് 1939-ൽ യു.എസ് ടെലിവിഷൻ നാടകമായ ദി സ്ട്രീറ്റ്‌സ് ഓഫ് ന്യൂയോർക്കിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. 1942-ൽ ഹിച്ച്‌കോക്ക് സംവിധാനംചെയ്ത സബോട്ട്യൂറിൽ സ്വാതന്ത്ര്യപ്രതിമയിൽനിന്ന് വീഴുന്ന വില്ലന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഹിച്ച്‌കോക്കിന്റെതന്നെ 1945-ലെ ക്ലാസിക് ത്രില്ലറായ സ്പെൽബൗണ്ടിലും ലോയ്ഡ് അഭിനയിച്ചു. ഴാൻ റെന്ന്വെറിന്റെ ദ സതേൺ, ചാർലി ചാപ്ലിന്റെ ലൈംലൈറ്റ്, ഡെഡ് പോയിറ്റ്‌സ് സൊസൈറ്റി വിത്ത് റോബിൻ വില്യംസ്, ഇൻ ഹെർ ഷൂസ് വിത്ത് കാമറൂൺ ഡയസ്, ഡാനിയൽ ഡേ ലൂയിസിനൊപ്പം ഗാംഗ്‌സ് ഓഫ് ന്യൂയോർക്ക് തുടങ്ങിയ സിനിമകളിലും ലോയ്ഡ് ഭാഗമായി. 1914 നവംബർ എട്ടിന് ന്യൂജേഴ്സിയിലെ ജേഴ്‌സി സിറ്റിയിലാണ് ജനനം.