കാഠ്മണ്ഡു: നേപ്പാളിൽ കെ.പി. ശർമ ഒലി പുറത്തായതോടെ സർക്കാരുണ്ടാക്കാൻ പ്രധാനപ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് അവകാശമുന്നയിക്കും. പ്രധാനമന്ത്രിസ്ഥാനവും അവകാശപ്പെടും. പാർട്ടി പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ ഷേർ ബഹാദൂർ ദ്യുബയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ചേർന്ന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. വ്യാഴാഴ്ചവരെയാണ് പുതിയ സർക്കാർ രൂപവത്കരിക്കാൻ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി സമയംനൽകിയിരിക്കുന്നത്.

ഒലിയുടെ എതിർചേരിയിലുള്ള സി.പി.എൻ. മാവോയിസ്റ്റ് സെന്റർ ചെയർമാൻ പുഷ്പ കമൽ ദഹൽ പ്രചണ്ഡ, ജനതാ സമാജ്‌വാദിപാർട്ടി നേപ്പാൾ(ജെ.എസ്.പി.-എൻ.) പാർട്ടി ഉപാധ്യക്ഷൻ ഉപേന്ദ്ര യാദവ് എന്നിവരുമായും ദ്യുബ ചർച്ചനടത്തി. പ്രധാനമന്ത്രിസ്ഥാനാർഥിയായി ദ്യുബയെ പിന്തുണയ്ക്കുമെന്ന് പ്രചണ്ഡ സൂചന നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച ചേർന്ന ജനപ്രതിനിധിസഭാ പ്രത്യേക സമ്മേളനത്തിലാണ് ഒലിക്ക് പാർലമെന്റിൽ വിശ്വാസവോട്ട് നഷ്ടമായത്. തുടർന്ന് സർക്കാർ രൂപവത്‌കരിക്കാൻ പ്രസിഡന്റ് പാർട്ടികളെ ക്ഷണിക്കുകയായിരുന്നു. 271 അംഗ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 124 പേരുടെ പിന്തുണയാണ് വേണ്ടത്. 93 പേരുടെ പിന്തുണയാണ് ഒലിക്കുള്ളത്. നേപ്പാളി കോൺഗ്രസിന് 61-ഉം പ്രചണ്ഡവിഭാഗത്തിന് 49-ഉം ജെ.എസ്.പി.ക്ക് 32-ഉം അംഗങ്ങളുണ്ട്.