വാഷിങ്ടൺ: അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പേ ക്യൂബയെ ഭീകരരാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തി ട്രംപ് ഭരണകൂടം. ഭീകരവാദികൾക്ക് സുരക്ഷിതമായ താവളം ക്യൂബ ഒരുക്കുന്നതായും അന്താരാഷ്ട്ര ഭീകരവാദത്തിനുള്ള പിന്തുണ തുടരുന്നതായും യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ഭീകരതയെ പിന്തുണയ്‌ക്കുന്ന നിലപാടുകൾ കാസ്ട്രോ ഭരണകൂടം അവസാനിപ്പിക്കണമെന്നും പോംപിയോ ആവശ്യപ്പെട്ടു.
രാഷ്ട്രീയ അവസരവാദമാണ് സംഭവമെന്നും നീക്കത്തെ അപലപിക്കുന്നതായും ക്യൂബൻ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് പ്രതികരിച്ചു.
1982-ൽ പ്രസിഡന്റ് റൊണാൾഡ് റീഗനാണ് ക്യൂബയെ ഭീകരരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, 2015-ൽ ഒബാമ ഭരണകൂടം പട്ടികയിൽനിന്നു നീക്കംചെയ്ത് നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.