വാഷിങ്ടൺ: ജോലിയിലെ ആത്മാർഥത, പ്രതിസന്ധിഘട്ടങ്ങളിലും ധീരമായി മുന്നോട്ടുപോവാനുള്ള ചങ്കുറപ്പ്, പ്രസിഡന്റ് ട്രംപിനുമുന്നിൽ മുട്ടുവിറയ്ക്കാതെ പോരാടാനുള്ള ധൈര്യം... മാസച്ചുസെറ്റ്സ് സെനറ്റർ എലിസബത്ത് വാറൻ, ഇലിനോയ് സെനറ്റർ ടമ്മി ഡക്‌വർത്ത് തുടങ്ങിയ പ്രമുഖരെ മറികടന്ന് കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കാൻ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥികാരണങ്ങൾ ഒട്ടേറെ. ബൈഡൻ അഭിപ്രായം തേടിയപ്പോൾ ബരാക് ഒബാമ അടക്കമുള്ള നേതാക്കളും കമലയിൽ കണ്ടത് ഈ നേതൃഗുണങ്ങൾതന്നെ. ഒപ്പം തിരഞ്ഞെടുപ്പിൽ നിർണായ സ്വാധീനം ചെലുത്താനാവുന്ന ഏഷ്യൻ വംശജരെ ഒപ്പംനിർത്താനും ഇതുവഴി ആവുമെന്നാണ് ഡെമോക്രാറ്റിക് പാർട്ടി കണക്കുകൂട്ടുന്നത്.
വോട്ടർമാരിൽ 13 ലക്ഷം ഇന്ത്യൻ-അമേരിക്കക്കാർ
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 13 ലക്ഷത്തോളം ഇന്ത്യൻ-അമേരിക്കക്കാർ വോട്ടുചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്. അതിൽ രണ്ടുലക്ഷം പെൻസിൽവേനിയയിലും 1.25 ലക്ഷം മിഷിഗനിലുമാണ്. നിർണായകമായ സംസ്ഥാനങ്ങളാണ് ഇവ രണ്ടും. 2016-ൽ 77 ശതമാനം ഇന്ത്യൻ-അമേരിക്കൻ വംശജരും ഹില്ലരി ക്ലിന്റനാണ് വോട്ടുചെയ്തതെന്നാണ് സി.ആർ.ഡബ്ല്യു. സ്ട്രാറ്റജി നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത്. കമലയുടെ സ്ഥാനാർഥിത്വത്തെ യു.എസിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹം സ്വാഗതംചെയ്തു. ഇത് അഭിമാനത്തിന്റെ നിമിഷമെന്നാണ് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടത്. ഇന്ത്യക്കാരെ ബാധിക്കുന്ന വിസയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കമല ശക്തമായി ഇടപെട്ടിരുന്നു.
ആശ്ചര്യപ്പെടുത്തിയെന്ന് ട്രംപ്
കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കാനുള്ള ജോ ബൈഡന്റെ തീരുമാനം ആശ്ചര്യപ്പെടുത്തിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡനോട് ഒട്ടും ബഹുമാനം കാട്ടിയിരുന്നില്ല അവർ. പ്രചാരണവേളയിൽ ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ ആരും മറക്കാനിടയില്ല. തീവ്ര ഇടതുപക്ഷക്കാരിയും ബൈഡനെക്കാൾ തീവ്രരാഷ്ട്രീയനിലപാടുകാരിയുമാണ് കമലയെന്നും ട്രംപ് പറഞ്ഞു.
കമലാ ഹാരിസ്
1964 ഒക്ടോബർ 20-ന് കാലിഫോർണിയയിലെ ഓക്‌ലൻഡിലാണ് കമല ജനിച്ചത്. അച്ഛൻ ജമൈക്കൻ സ്വദേശി ഡൊണാൾഡ് ഹാരിസ് സാമ്പത്തികശാസ്ത്രത്തിൽ പ്രൊഫസർ. അമ്മ സ്തനാർബുദത്തിൽ ഗവേഷകയായിരുന്ന തമിഴ്നാട്ടുകാരി ശ്യാമളാ ഗോപാലൻ. കമലയ്ക്ക് അഞ്ചുവയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. സഹോദരി മായയ്ക്കും അമ്മയ്ക്കുമൊപ്പമായി കമല. അഭിഭാഷകയായ മായ ഹിലരി ക്ലിന്റന്റെ ഉപദേശകയാണ്.
ഇന്ത്യൻ സംസ്കാരത്തിൽ അഭിമാനംകൊള്ളാൻ പഠിപ്പിച്ചാണ് അമ്മ തങ്ങളെ വളർത്തിയതെന്ന് കമല എഴുതിയിട്ടുണ്ട്. 2009-ൽ ശ്യാമള ഗോപാലൻ മരിച്ചു.
വാഷിങ്ടണിലെ ഹോവാഡ് സർവകലാശാലയിൽനിന്ന് ബിരുദവും കാലിഫോർണിയ സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടിയ കമല സാൻഫ്രാൻസിസ്കോയിലെ ഡിസ്ട്രിക്ട് അറ്റോർണിയായി രണ്ടുതവണ പ്രവർത്തിച്ചു. 2010-ൽ കാലിഫോർണിയയുടെ അറ്റോർണി ജനറലായി. 2014-ൽ ഡഗ്ലസ് എംഹോഫിനെ വിവാഹംചെയ്തു. 2016 നവംബറിൽ കാലിഫോർണിയയിൽനിന്ന് സെനറ്ററായി.
അഭിനന്ദിച്ച് ഒബാമയും ഹില്ലരിയും
വൈസ് പ്രസിഡൻറ് സ്ഥാനാർഥിയാകുന്ന കമലാ ഹാരിസിനെ മുൻ പ്രസിഡന്റ് ബരാക് ഒബാമയും ഹില്ലരി ക്ലിൻറണും അഭിനന്ദിച്ചു. മികച്ച നേതാവാണെന്ന് തെളിയിച്ച കമല ജോ ബൈഡൻറെ ശക്തയായ പങ്കാളിയാകുമെന്ന് ഹില്ലരി പറഞ്ഞു.